ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരായ സമരങ്ങളും പോരാട്ടങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഷഹീന്‍ബാഗിലെ സമരം ദിവസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനി സമരക്കാര്‍ അമിത്ഷായുടെ വീട്ടിലേക്ക് സമരം മാര്‍ച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.ഞായറാഴ്ചയായിരിക്കും മാര്‍ച്ച് നടത്തുക .വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നതാണ് അതില്‍ പ്രധാനം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്നമുള്ളവര്‍ തന്നെ കാണണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ഷഹീന് ബാഗിലെ സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ നിയമവുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആശങ്കകളുണ്ടെങ്കില്‍ തന്നെ വന്ന് കാണാന്‍ അമിത്ഷാജി പറഞ്ഞിരുന്നു. ഷഹീന് ബാഗിന് ഈ നിയമത്തില്‍ ആശങ്കയുണ്ട്. അതുകൊണ്ട് ഷഹീന് ബാഗിലെ എല്ലാവരും അമിത്ഷായുടെ അടുത്തേക്ക് പോവുകയാണ്. – സമരക്കാരില്‍ ഒരാള്‍ പറഞ്ഞു.അമിത്ഷായെ കാണാന്‍ പ്രത്യേക പ്രതിനിധി സംഘത്തെ തങ്ങള്‍ അയക്കുന്നില്ലെന്ന് സമരക്കാര്‍ അറിയിച്ചു. ‘അമിത് ഷാ മറുപടി നല്‍കേണ്ടത് പ്രതിനിധികള്ക്കല്ല മറിച്ച് എല്ലാവര്‍ക്കുമാണ്. പ്രതിനിധി സംഘത്തില്‍ ഞങ്ങള്‍ എല്ലാവരും അംഗങ്ങളാണ്.’ അവര്‍ പറയുന്നു.എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അപേക്ഷയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 മുതലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്. സിഎഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ മുന്‍നിരയിലുള്ളത് സ്ത്രീകളാണ്.
അതേമയം ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ചതിനു പിന്നാലെ ഒരു സംഘം ആളുകള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം. പ്രതിഷേധിക്കാന്‍ കോടതി ഇവര്‍ക്ക് അനുമതി നല്കി. ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ അനിശ്ചിതകാല പ്രതിഷേധം നടത്താന്‍ തീരുമാനിച്ചവര്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഇഫ്തേഖര് ഷൈഖ് എന്നയാളുടെ നേതൃത്വത്തില്‍ കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ ടി.വി. നലാവഡെ, എം.ജി.സെവ്ലിക്കര്‍ എന്നിരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതിഷേധം നടത്താന്‍ ജനുവരി 21ന് പോലീസും ജനുവരി 31ന് മജിസ്ട്രേട്ടുമാണ് ഇവര്‍ക്ക് അനുമതി നിഷേധിച്ചത്. മജല്‍ഗാവിലെ ഓള്‍ഡ് ഈദ്ഗാഹ് മൈതാനത്ത് അനിശ്ചിതകാല സമരം നടത്താനായിരുന്നു പ്രതിഷേധക്കാർ ഉദ്ദേശിച്ചിരുന്നത്. സമാധാനപരമായി പ്രതിഷേധിക്കുക എന്നതു മാത്രമായിരുന്നു ഹര്‍ജിക്കാരനും കൂടെയുള്ളവരും ആഗ്രഹിച്ചിരുന്നതെന്ന് കോടതി കണ്ടെത്തി.”ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നു എന്നതുകൊണ്ടു മാത്രം ആരെയും രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്നാണ് ഈ കോടതി കരുതുന്നത്. ഇതൊരു പ്രതിഷേധ പ്രകടനം മാത്രമാണ്”, കോടതി നിരീക്ഷിച്ചു. സമരക്കാര്‍ക്ക് പ്രതിഷേധം നടത്താന്‍ അനുമതി നിഷേധിച്ച പോലീസിന്റെയും മജിസ്ട്രേറ്റിന്റെയും ഉത്തരവുകള്‍ കോടതി റദ്ദാക്കി.