ഷെയ്ന്‍ നായകനാകുന്ന സിനിമകള്‍ ഉപേക്ഷിക്കരുതെന്ന് ഫെഫ്കയ്ക്ക് ഡയറക്ടേഴ്‌സ് യൂണിയന്റെ കത്ത്

കൊച്ചി:വിവാദങ്ങൾക്ക് പിന്നാലെ ഷെയ്ന്‍ നിഗം നായകനാകുന്ന കുര്‍ബാനിയും വെയിലും ഉപേക്ഷിക്കാനുള്ള തീരുമാനം നിര്‍മ്മാതാക്കളുടെ സംഘടന പിന്‍വലിക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ടെന്നും അതിനുളള അവസരം നല്‍കണമെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച കത്ത് യൂണിയന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷ(ഫെഫ്ക)നു കൈമാറി.ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്.

Loading...

അതേസമയം, ഷെയ്‌നിനെ വിലക്കിയ വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ വേണമെന്നാവശ്യപ്പെട്ട് ഫെഫ്ക അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും പ്രോഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് നല്‍കും. ഇക്കാര്യത്തില്‍ ഈ മാസം അഞ്ചിന് സമവായ ചര്‍ച്ചകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്.

ആദ്യം അമ്മ പ്രതിനിധികള്‍ ഷെയ്‌നുമായി പ്രാഥമിക ചര്‍ച്ച നടത്തും. ഇതിനുശേഷമാകും മറ്റ് സംഘടനകളുമായുളള ഒത്തുതീര്‍പ്പ് ചര്‍ച്ചയെന്നാണ് വിവരം.

അതേസമയം, സിനിമയില്‍ ലഹരി ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവ് കൈമാറണമെന്നും സിനിമാമേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഷെയ്‌നുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഷൂട്ടി പാതിവഴിയില്‍ മുടങ്ങിയതിനു പിന്നാലെയാണ് രണ്ടു സിനിമകള്‍ ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചത്. ഷെയ്ന്‍ നിഗം അഭിനയിക്കുന്ന ഒരു സിനിമയുമായും സഹകരിക്കില്ലെന്നും നിര്‍മ്മതാക്കാള്‍ അറിയിച്ചിരുന്നു.

പിന്നാലെയാണ് ഒത്തുതീര്‍പ്പിന് താരം തയാറാണെന്ന് സൂചനകള്‍ പുറത്തേക്ക് വരുന്നത്. ഉപേക്ഷിച്ച വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് കാട്ടി ഷെയ്‌നിന്റെ സുഹൃത്തുക്കള്‍ ഡയറക്‌ടേഴ്‌സ് അസോസി്യേഷന്‍ പ്രതിനിധികളുമായി അനൗപചാരിക ചര്‍ച്ചകള്‍ കൊച്ചിയില്‍ നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രമുഖ നടന്മാരുമായും മാധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനിടെ വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളു എന്നും സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയില്‍ എന്ന ചി;്രത്തിന്റെ സഗവിധായകന്‍ ശരത് ഡയറക്‌ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു.

ഫെഫ്കയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റില്‍ നിന്നുണ്ടായതെന്നും, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷെയ്ന്‍ നിഗം വിലക്കിനു പിന്നാലെ പ്രതികരിച്ചിരുന്നു. നിരവധി സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ തന്നെ അനാവശ്യമായി സമ്മര്‍ദ്ദത്തിലാക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നായിരുന്നു ഷെയ്‌നിന്റെ ആരോപണം.

ഷെയ്ന്‍ നിഗം ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ലെന്നും താരം ആവശ്യപ്പെട്ടാല്‍ വിലക്കില്‍ ഇടപെടുമെന്ന് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

അംഗത്തെ സംരക്ഷിക്കുക സംഘടനയുടെ കടമയാണ്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തങ്ങള്‍ക്കൊക്കെ അറിയാമെന്നും ആരും അതു പുറത്തു പറയുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമാ ചരിത്രത്തില്‍ ഒരു നടനും പെരുമാറാത്ത രീതിയിലാണ് ഷെയ്‌നിന്റെ ഇടപെടലുകളെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും അവര്‍ തീരുമാനിച്ചിരുന്നു.

ഇതിനിടെ, ‘എങ്ങനെയാണ് തന്നെ വിലക്കാന്‍ പറ്റുക? കൈയും കാലും കെട്ടിയിടോ’ എന്ന ചോദ്യവുമായി മലയാള സിനിമയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിനെ തീരുമാനത്തെ പരിഹസിച്ച് നടന്‍ ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു.