ജോളിയെ പലപ്പോഴും ചോദ്യം ചെയ്യാതിരുന്നത് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകേണ്ട എന്ന കരുതി ; ചാക്കുകെട്ട് മാറ്റിയത് തെളിവു നശിപ്പിക്കലല്ലെന്ന് ഷാജു

ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും വിവാഹത്തില്‍ തന്നെ കുടുക്കിയത് ജോളിയാണെന്നും ഷാജു. ജോളിയുടെ ഉന്നതബന്ധങ്ങളും ജോലി സംബന്ധിച്ച യഥാര്‍ത്ഥ വിവരവും അറിഞ്ഞത് കേസ് വന്ന ശേഷം. കേള്‍ക്കുന്ന പല കാര്യങ്ങളും ഞെട്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജോളിക്ക് നിയമസഹായം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

ജോളി ഒരുപാട് ഫോണ്‍വിളികള്‍ നടത്താറുണ്ടായിരുന്നു ഇതില്‍ തനിക്ക് എതിര്‍പ്പും ഉണ്ടായിരുന്നു എന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. തങ്ങള്‍ പ്രണയത്തില്‍ ആയിരുന്നു എന്നത് അടിസ്ഥാന രഹിതമാണെന്നും വിവാഹം ജോളിയുടെ തിരക്കഥയിലായിരുന്നു നടന്നതെന്നും ഷാജു ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഫോണ്‍വിളിയില്‍ എതിര്‍പ്പ് ഉണ്ടായിരുന്നതായും പ്രശ്‌നമാക്കുമെന്ന് കരുതിയാണ് ഇടപെടാതിരുന്നതെന്നും പറഞ്ഞു.

Loading...

ജോളിയുമായി പ്രണയത്തിലായിരുന്നില്ല. വിവാഹത്തില്‍ തന്നെയും ജോളി കുടുക്കുകയായിരുന്നു. അക്കാര്യമെല്ലാം ഇപ്പോഴാണ് മനസ്സിലാകുന്നത്. ജോളിയുടെ താല്‍പര്യം അനുസരിച്ചാണ് വിവാഹം നടന്നത്. സിലി മരിച്ച സമയത്ത അന്ത്യ ചുംബനം നല്‍കുമ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ആരേയോ ധരിപ്പിക്കാന്‍ ജോളി ശ്രമം നടത്തിയിരുന്നു. അന്ന് അലോസരം തോന്നുകയും ചെയ്തിരുന്നു.

കുട്ടിയുടെ സംരക്ഷണം കരുതിയാണ് താന്‍ വിവാഹം കഴിക്കാന്‍ സന്നദ്ധനായത്. എന്നാല്‍ തന്നെ ജോളി വിവാഹത്തില്‍ കുരുക്കുകയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.

സിലിയുടെ മരണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ ജോളി വിവാഹാലോചനയുമായി വന്നു. കുട്ടികളുടെ കാര്യം പറഞ്ഞായിരുന്നു തന്നെ സമീപിച്ചത്. റോയിയുടെ മരണം ഹൃദയസ്തംഭനമാണ് എന്നായിരുന്നു കരുതിയത്.

എന്നാല്‍ കേസ് വന്നപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടതാണെന്നും പറഞ്ഞു. ജോളിയുടെ ജോലിയെക്കുറിച്ച് സംശയങ്ങള്‍ നേരത്തേ ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അതും വ്യക്തമായത്. ജോളിയുടെ ഉന്നതരുമായുള്ള ബന്ധവും എതിര്‍ത്തിരുന്നില്ല. ജോളിയ്ക്ക് ഏതൊക്കെ തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നു എന്നൊന്നും അറിയില്ലെന്ന് ഷാജു മൊഴി നല്‍കിയിരുന്നു.

തന്നെയും ജോളി അപായപ്പെടുത്തേക്കാന്‍ ശ്രമിച്ചേക്കാമെന്നു ഭയന്നിരുന്നതായും ഷാജു പറഞ്ഞു.

സാമ്പത്തിക ഇടപാടുകള്‍ എന്താണെന്നൊന്നും തനിക്ക് അറിയില്ല. ജോളിയ്ക്ക് ജോളിയുടേതായ സ്വാതന്ത്ര്യമുണ്ടായിയിരുന്നു. എനിക്ക് എന്റേതും. അതിലപ്പുറത്തേക്ക് അവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കൈ കടത്തിയിരുന്നില്ല. ജോളിയുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നുമറിയില്ല.

വീട്ടില്‍ നിന്നും നീക്കിയ ചാക്കുകെട്ട് തെളിവ് നശിപ്പിക്കല്‍ ആയിരുന്നില്ല എന്നും വീട് അടയ്ക്കാന്‍ പോകുകയാണെന്ന് വീട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റേതായ ചില പുസ്തകകെട്ടുകള്‍ മാറ്റുകയായിരുന്നു എന്നും ഷാജു പറയുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന എല്ലാ കാര്യങ്ങളും ഞെട്ടിക്കുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ നിയമസഹായം നല്‍കില്ലെന്നും ഷാജു വ്യക്തമാക്കി.

സിലിയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഒന്നും പറയാന്‍ കഴിയില്ല. കുഞ്ഞായ ആല്‍ഫൈന് അസുഖങ്ങളുണ്ടായിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ സിലിയ്ക്ക് ചിക്കന്‍ പോക്‌സ് വന്നിരുന്നു. അതിന്റേതായ അസുഖങ്ങള്‍ കുഞ്ഞിനുമുണ്ടായിരുന്നു. അതാണോ അപസ്മാരം അടക്കമുള്ള അസുഖങ്ങള്‍ വരാന്‍ കാരണമെന്നറിയില്ല.

അതോ, ഭക്ഷണം കഴിച്ചപ്പോള്‍ തലയില്‍ കയറിയതാണോ എന്നും അറിയില്ല. പിഞ്ചു ശരീരമല്ലേ? ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞത്. മരണകാരണം എന്താണെന്ന് പരിശോധിക്കാമായിരുന്നു. അന്ന് ഇത്രയും ദുരൂഹത തോന്നിയിരുന്നില്ലെന്നും ഷാജു പറയുന്നു.