പ്രണയത്തിലായിരുന്നില്ല; വിവാഹം ചെയ്തത് കുഞ്ഞിനെ നോക്കാന്‍; എന്നാല്‍ ഇതെല്ലാം തിരക്കഥയെന്ന് ഇപ്പോള്‍ തോന്നുന്നു; ഷാജു

ആദ്യഭാര്യയും മകളും മരിച്ച് ഒരു വര്‍ഷം മുന്നെ വിവാഹം നടത്തിയത് ജോളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയെന്ന് ഷാജു. തന്റെ ഭാര്യ സിലി മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും താനുമായുള്ള വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്നു താന്‍ പറഞ്ഞു. തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു പറഞ്ഞു.

പലപ്പോഴും ശാരീരിക അസ്വസ്ഥതകള്‍ പറഞ്ഞ് ജോളി തന്നെയും വീട്ടുകാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നില്ലെന്നും ദീര്‍ഘനേരം കട്ടിലില്‍ കിടന്നുകൊണ്ട് ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നെന്നും അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു.

Loading...

ജോളിയ്ക്ക് പലരുമായി ബന്ധമുണ്ടായിരുന്നതായും ഷാജു പറഞ്ഞു. വിവാഹശേഷമുള്ള ജീവിതത്തില്‍ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോര്‍ത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു.

അതേസമയം ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പൊലീസിന് മൊഴി നല്‍കി. അതേസമയം ജോളി ഗര്‍ഭച്ഛിദ്രം നടത്തിയതായി അറിവില്ലെന്നു ഷാജു പറഞ്ഞു. ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്.

എന്നാല്‍ ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താന്‍ പുറത്തിരുന്നു. ചില പ്രശ്നങ്ങളുണ്ട് എന്നു മാത്രമേ തന്നോടു പറഞ്ഞിട്ടുള്ളൂവെന്നും ഷാജു പറഞ്ഞു. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കിലുള്‍പ്പെടെ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.