സെന്‍സര്‍ ബോര്‍ഡിനെതിരെ ആരോപണവുമായി ഷക്കീല

സെന്‍സര്‍ ബോര്‍ഡിനെതിരെ ആരോപണവുമായി നടി ഷക്കീല രംഗത്ത്. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് നടി സെന്‍സര്‍ബോര്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായി ഷക്കീല ആരോപിച്ചു.

ഷക്കീല പുതിയ ചിത്രം നിര്‍മ്മിച്ചത് തെലുങ്ക് ഭാഷയിലാണ്. ‘ലേഡീസ് നോട്ട് അലൗഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. സെന്‍സര്‍ ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടതായി ഷക്കീല പറയുന്നു. അഡല്‍ട്ട് കോമഡി വിഭാഗത്തിലുള്ള നിരവധി സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും അത്തരം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് താന്‍ നിര്‍മിച്ച ചിത്രത്തിന് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ഷക്കീല ചോദിക്കുന്നു. രണ്ട് തവണ തങ്ങളുടെ ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.- ഷക്കീല ആരോപിച്ചു.

Loading...

‘ഇതൊരു കുടുംബ ചിത്രമല്ല. അഡല്‍ട്ട് കോമഡി സിനിമയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സിനിമയുടെ തുടക്കത്തിലും പറയുന്നുണ്ട്. സിനിമ ഷൂട്ടിങ് ആരംഭിക്കും മുന്‍പേ ഇതൊരു അഡല്‍ട്ട് മൂവിയായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ എന്നോട് കൈക്കൂലി ചോദിക്കുന്നു. രണ്ട് തവണ സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. നിരവധി പേരില്‍ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ ഞാന്‍ നിര്‍മിച്ചത്. അഡല്‍ട്ട് സ്വഭാവമുള്ള സിനിമകളിലെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്നെല്ലാം അത്തരം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുമുണ്ട്. ഞാന്‍ നിര്‍മാതാവ് ആയതുകൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്’ ഷക്കീല ആരോപിച്ചു.

നേരത്തെ നടന്‍ മണിയന്‍പിള്ള രാജുവിനോട് മുന്‍കാല നടി ഷക്കീലയ്ക്ക് പ്രണയം തോന്നിയിരുന്നു എന്ന തലത്തില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷക്കീല. ‘ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. പിന്നെ എങ്ങനെ മണിയന്‍പിള്ള രാജുവിനോട് പ്രണയം തോന്നും’ എന്നാണ് ഷക്കീല ചോദിക്കുന്നത്. എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

2007ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ തന്റെ അമ്മ രോഗബാധിതയായെന്നും, അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും ഷക്കീല പറയുന്നു. പണം ആവശ്യമായ ഘട്ടത്തില്‍ തന്നെ സഹായിച്ചത് മണിയന്‍പിള്ള രാജുവാണെന്ന് ഷക്കീല പറയുന്നു. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും മണിയന്‍പ്പിള്ള രാജു പ്രതിഫലം മുന്‍കൂറായി തന്നതിനാലാണ് ആ ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനായതെന്നും ഷക്കീല വ്യക്തമാക്കി.