സത്യം തുറന്ന് പറഞ്ഞവര്‍ ചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും; തിലകന്റെ ഓര്‍മ്മകളില്‍ ഷമ്മി തിലകന്‍

നടന്‍ തിലകന്റെ എട്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ ഷമ്മി തിലകന്‍. പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ ആയിരുന്നിട്ട് കൂടി തിരസ്‌കാരങ്ങളും നീതി നിഷേധങ്ങളും മാത്രമാണ് തിലകനെന്ന മഹാനടന് നേരിടേണ്ടി വന്നിരുന്നത്.ഇതിനെതിരെ ഒരു കുറിപ്പ് പങ്കുവെച്ചാണ് ഷമ്മി തിലകന്‍, തിലകന്റെ ചരമവാര്‍ഷികത്തില്‍ രംഗത്തെത്തിയത്.

ഷമ്മി തിലകന്‍ എഴുതിയ കുറിപ്പ് വായിക്കാം…….

Loading...

#പ്രണാമം…!
വേര്‍പിരിയലിന്റെ എട്ടാം വര്‍ഷം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്ബ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..! അവന്‍ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവര്‍ത്തിച്ചു..! തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞു. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലര്‍ക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വര്‍ഗ്ഗരാജ്യം വരുമെന്നും അവന്‍ വിളിച്ചു പറഞ്ഞു..! അതിന്, സാമ്രാജ്യത്വ ശക്തികള്‍ അവനെ നിഷ്‌കരുണം വിചാരണ ചെയ്തു..! പറഞ്ഞ സത്യങ്ങള്‍ മാറ്റി പറഞ്ഞാല്‍ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപന്‍ #പീലാത്തോസ് അവനോട് പറഞ്ഞു..!

പക്ഷേ അവന്‍..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തന്റെ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍, ആ കപട ന്യായവാദികള്‍ മുന്‍കൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..! സ്വന്തമായ നിലപാടുകളോടെ സത്യമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നും മഹാന്മാര്‍ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികള്‍ക്ക് പ്രിയപ്പെട്ടരാകില്ല..! അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..! ഇത്തരം സൂത്രശാലികള്‍ താല്‍ക്കാലികമായെങ്കിലും ചിലര്‍ക്കൊക്കെ പ്രിയപ്പെട്ടവര്‍ ആയിരിക്കും..! പക്ഷേ ഇക്കൂട്ടര്‍ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധര്‍മ്മ പ്രവര്‍ത്തികള്‍ ഒരിക്കല്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളില്‍ അവര്‍ വിസ്മരിക്കപ്പെടും..! എന്നാല്‍ സ്വന്തമായി നിലപാടുകളുള്ളവര്‍..; സത്യം തുറന്നുപറഞ്ഞവര്‍..; അവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യും..!അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..!

ബൈബിളില്‍ പറയുന്നത് ഇപ്രകാരം..; നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..! അവന്റെ സ്മരണ എന്നേക്കും നിലനില്‍ക്കും..! ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല..! അവന്റെ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്..! അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും..! അവന്‍ ഭയപ്പെടുകയില്ല..! അവന്‍ ശത്രുക്കളുടെ പരാജയം കാണുന്നു..! [സങ്കീര്‍ത്തനങ്ങള്‍ 112ല്‍ 6 മുതല്‍ 8]