കൊച്ചി: ഷംന കാസിം- ബ്ലാക്ക് മെയിൽ കേസിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി പൊലീസ് തന്നെ രംഗത്തെത്തി. ബ്ലാക്ക് മെയിൽ കേസിലെ പ്രതികൾ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. നടി പൊലീസിൽ പരാതി നൽകിയതോടെയാണ് ഈ നീക്കത്തിൽ നിന്നും പ്രതികൾ പിൻമാറിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാക്കറെ വ്യക്തമാക്കുന്നു.
പ്രതികളുടെ ആദ്യത്തെ ശ്രമം ഷംനയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു. ആ ശ്രമം പരാജയപ്പെട്ടപ്പോള്‍ ആണ് തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടതെന്നും പോലീസ് വ്യക്തമാക്കി. കൂടുതല്‍ താരങ്ങളെ കെണിയില്പ്പെടുത്താനും പ്രതികൾ ശ്രമിച്ചിരുന്നതായും ഐജി വ്യക്തമാക്കി. അതേസമയം ബ്ലാക്ക് മെയിൽ കേസിൽ ഷംനയുടെ മൊഴിയെടുപ്പ് പൂർത്തിയായി. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് ഹൈദാരാബാദിൽ നിന്നെത്തി ക്വാറൻ്റൈനിൽ കഴിയുന്ന ഷംനയുടെ മൊഴിയെടുത്തത്.
തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണക്കടത്ത് കെട്ടുകഥ മാത്രമാണെന്നും സൂചനയുണ്ട്. ഹൈദരാബാദില്‍ നിന്നു തിങ്കളാഴ്ച എത്തി കൊച്ചി മരടിലെ വീട്ടില്‍ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതിനാലാണ് ഷംന കാസിമിന്റെ മൊഴിയെടുപ്പ് വിഡിയോ കോൺഫറന്‍സിങ് വഴിയാക്കിയത്.