ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്, കൂടുതല്‍ പേരെ ചോദ്യം ചെയ്യും

നടി ഷംന കാസിമിനെയും മോഡലുകളെയും ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ സിനിമ രംഗത്തുള്ള കൂടുതല്‍ പേരുടെ മൊഴിയെടുക്കും. സംഘം പലരെയും സ്വര്‍ണ്ണക്കടത്തിനായി സമീപിച്ചെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. നടി ഷംന കാസിമിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഓണ്‍ലൈന്‍ വഴിയാണ് ഷംനയുടെ മൊഴി രേഖപ്പെടുത്തുക.

സ്വര്‍ണ്ണക്കടത്ത് തന്നെയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായിട്ടാണ് താരങ്ങളെയും മോഡലുകളെയും സമീപിച്ചത്. ഗള്‍ഫ് മേഖലയില്‍ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് ഇവര്‍ കൂടുതലും ലക്ഷ്യംവെച്ചത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതില്‍ പ്രധാനം.

Loading...

തട്ടിപ്പിന്റെ സൂത്രധാരന്‍ വിദേശത്തായിരുന്നു. നാട്ടില്‍ എത്തിയ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയില്‍ കഴിയുകയുമാണ്. രോഗം ഭേദമായാല്‍ കസ്റ്റഡിയില്‍ എടുക്കും. ഷംനയുടേതടക്കമുള്ള താരങ്ങളുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടികരയാണെന്ന് പൊലീസിന് വ്യക്തമായി. ഷാജി പട്ടിക്കര ഉള്‍പ്പെടെ സിനിമ മേഖലയിലെ മൂന്നു പേരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.