കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒൻപതംഗ പ്രഫഷനല്‍ സംഘമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഐജി വിജയസ് സാഖറെ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതികള്‍ക്ക് സിനിമാ ബന്ധമുള്ളതായി സൂചനയുണ്ട്. ഇവർക്ക് സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹെയർ സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പൊലീന് വിവരം ലഭിച്ചത്.
പണം തട്ടാൻ ശ്രമിച്ച കേസിലെ ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ഷംന കാസിമിനെ പ്രതികള്‍ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പരിശോധിക്കും. ആകെ 18 പെണ്‍കുട്ടികളെ സംഘം തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
പോലീസിന് സൂചന ലഭിച്ചിരിക്കുന്നത് ചാവക്കാടുകാരനായ ഹെയർ സ്റ്റൈലിസ്റ്റാണ് കേസിൽ പ്രധാനിയെന്നാണ് വിവരം. ഷംന കേസിൽ ഇപ്പോൽ അറസ്റ്റിലായിരിക്കുന്ന പ്രതികളായ റഫീഖിനേയും മുഹമ്മദ് ഷരീഫിനെയും ഇയാൾക്ക് അറിയാം. ഒരു സിനിമാ നിർമാതാവ് വഴി ഷംനയെ പരിചയപെട്ടശേഷം ഈ ഹെയർ സ്റ്റൈലിസ്റ്റാണ് റഫീഖിനും ഷരീഫിനും ഷംനയിലേക്ക് അടുക്കാനുള്ള വഴിയൊരുക്കിയതെന്നാണ് വിവരം. ഷംനയെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്നു പറഞ്ഞ് വരനായി അഭിനയിച്ച റഫീഖിനെതിരെ തൃശൂരിൽ മറ്റൊരു യുവതി പരാതിയുമായെത്തി. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി തടവിൽ പാർപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു യുവതിയടക്കം നാലു പേർകൂടി പ്രതിസ്ഥാനത്ത് വന്നേയ്ക്കുമെന്നും വിവരമുണ്ട്. അറസ്റ്റിലായ ഏഴു പ്രതികളെയും കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ സ്റ്റേഷനുകളിലായി പാർപ്പിച്ചിരിക്കുകയാണ്.