ഷംന കേസ്സ്, അന്വേഷണം സിനിമാ മേഖലയിലേക്കും

പിന്നില്‍ വന്‍ തട്ടിപ്പ് സംഘം ചിലര്‍ ലൈംഗിക ചൂഷണത്തിന് ഇരയായി. പ്രതികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമെന്നും സൂചനകള്‍. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചവര്‍ നിരവധി കേസ്സുകളില്‍ പ്രതികള്‍. സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അന്വേഷണം പുരോഗമിക്കുകയാണ്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കേസില്‍ നിലവില്‍ ഏഴ് പ്രതികളാണുള്ളതെന്ന് ഐ.ജി. വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ മേഖലയിലെ പുതുമുഖ നടിമാരെയും മോഡലുകളെയും ഈ സംഘം തട്ടിപ്പിനിരയാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സിനിമാ മേഖലയിലെ ആര്‍ക്കെങ്കിലും ഇതുമായി പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയരുകയാണ്. നടിയെ തട്ടിക്കൊണ്ട് പോയ കേസ്സിന്റെ വിവാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല അതിന്റെ പിന്നാലെയാണ് പുതിയ വിവാദവും ചൂടുപിടിക്കുന്നത്. ഇതിന് മുന്‍പും പുതുമുഖ നടിമാരേയും മോഡലുകളേയും ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ കേസ്സിലും അത്തരത്തില്‍ എ്‌ന്തെങ്കിലും നീക്കങ്ങളാണോ നടക്കുന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Loading...

പ്രതികള്‍ക്ക് എങ്ങനെയാണ് ഷംന കാസിമിന്റെ സ്വകാര്യ നമ്പര്‍ കിട്ടിയതെന്ന് വ്യക്തമായിട്ടില്ല. അതില്‍ കൂടുതല്‍ അനേവഷണം നടത്തുമെന്ന് വിജയ് സാക്കറെ അറിയിച്ചു. ഷംനയെ അറിയാവുന്നവരില്‍ നിന്നാണോ എന്നത് സംശയമാണ്. അതാണ് സിനിമാ മേഖലയില്‍ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതും. പിടിയിലായ പ്രതികള്‍ നിരവധി കേസ്സുകളില്‍ പ്രതികളാണ്. കൂടാതെ കേസിലെ രണ്ട് പ്രതികള്‍ സമാനമായ മറ്റുചില കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. പുതുമുഖ നടിമാരെയും മോഡലുകളെയും ഇവര്‍ തട്ടിപ്പിനിരയാക്കിയിരുന്നു. ഇത്തരത്തില്‍ തട്ടിപ്പിനിരയായ രണ്ട് പേര്‍ കൂടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് തന്നെയാണ് സിനിമാ മേഖലയിലും അന്വേഷണം നടത്താനുള്ള കാരണവും.

വലിയ കുടുംബവും ബിസിനസുകാരുമാണെന്ന് പറഞ്ഞാണ് പ്രതികള്‍ ഷംനയുമായി പരിചയം സ്ഥാപിക്കുന്നത്. സിനിമയിലടക്കം അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പലരെയും തട്ടിപ്പിനിരയാക്കിയിരിക്കുന്നത്. നല്ല പരിചയമായാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്ക് പണവും സ്വര്‍ണവും ആവശ്യപ്പെടുന്നതാണ് രീതി. പണം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കും. സിം കാര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്യും. അറസ്റ്റിലായ സംഘത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നും സംശയമുണ്ട്. ഇക്കാര്യവും പോലീസിന്റെ അന്വേഷണപരിധിയിലാണ്. തട്ടിപ്പിനിരയായ ചിലരെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നും പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഐജി വ്യക്തമാക്കി. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുത്തുകൂടി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പില്‍ ഇരകളാകാതിരിക്കാനാണു പൊലീസില്‍ പരാതി നല്‍കിയതെന്നും കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും ഇവര്‍ പറഞ്ഞു. തൃശൂരില്‍ നിന്നു വന്ന വിവാഹാലോചനയില്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഇവര്‍ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയം കൊണ്ട് വീട്ടുകാരുമായി ഇവര്‍ അടുപ്പമുണ്ടാക്കി. ഇതിനിടെ കഴിഞ്ഞ ദിവസം വരനായി എത്തിയ ആള്‍ ഫോണില്‍ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് ആദ്യം സംശയമായി. അമ്മയോട് പറയാമെന്നു പറഞ്ഞു. ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കിയാല്‍ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. എന്നാല്‍ പണം നല്‍കാന്‍ തയാറായില്ലെന്നു മാത്രമല്ല, വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവാഹാലോചനയുമായി എത്തിയവര്‍ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നല്‍കിയതെന്നും ഷംന കാസിം പറഞ്ഞു.