കൊച്ചി: ലിവിംഗ് ടു ഗദര്‍ എന്ന ഏര്‍പ്പാടിനോട് തനിക്ക് ഒട്ടും താത്പര്യമില്ലെന്നും പ്രണയ ചുംബനം സ്വകാര്യമായി നല്‍കേണ്ടതാണെന്നും അത് ആള്‍ക്കൂട്ടത്തിന് മുന്നില്‍വെച്ച് ചെയ്യാന്‍ അപാര തൊലിക്കട്ടി വേണമെന്നും നര്‍ത്തകിയും നടിയുമായ തെന്നിന്ത്യന്‍ താരസുന്ദരി ഷംനകാസിം. കേരളകൗമുദിയുടെ വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തിലാണ് ഷംന ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നൈറ്റ് ക്ലബുകളിലുംപാര്ട്ടികള്ക്കുമൊന്നും പോകുന്ന ശീലമുള്ള ഒരാളല്ല ഞാന്‍. മയക്കുമരുന്നു കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം പിടിയിലായ പെണ്‍കുട്ടികളുടെ ചെയ്തികളെ വിമര്‍ശിക്കുന്ന ഷംന സിനിമക്കാരൊക്കെ തോന്നും പോലെ നടക്കുന്നവരാണെന്ന ധാരണ പൊതുസമൂഹത്തിനുണ്ടെന്നും പറയുന്നു.
ലീവിംഗ് ടൂഗദറിനോട് താല്പര്യമില്ല, വിവാഹത്തിന് മുന്‍പ് സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമാണ്, വിവാഹപൂര്‍വ ലൈംഗികതയോട് യോജിപ്പില്ലാ തുടങ്ങിയ കാര്യങ്ങളും ഷംന പറയുന്നു. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്ന മുന്നറിയിപ്പും ഷംന പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. തനിക്ക് ഉണ്ടായിരുന്ന ഏകപ്രണയം തകര്‍ന്നതിനാല്‍ ഇനി വീട്ടുകാര്‍ പറയുന്ന ആളുമായിട്ടായിരിക്കും വിവാഹമെന്നും ഷംന പറയുന്നു.
അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ
ഒരു സാധാരണ മലയാളി പെണ്‍കുട്ടിയായി ജീവിക്കാനാണ് ഷംനാ കാസിമിന് ഇഷ്ടം. പലപ്പോഴും ഗോസിപ്പുകള്‍ കഥ മെനയുമ്പോള്‍ ഷംനയ്ക്ക് പറയാനുള്ളതും ഇക്കാര്യമാണ്. ‘ലീവിംഗ് ടൂഗദര്‍ എന്ന ഏര്‍പ്പാടിനോട് എനിക്ക് ഒട്ടും താല്പര്യമില്ല. കല്യാണം കഴിക്കാത്ത ഒരാണും പെണ്ണും ഒരുമിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് എന്റെ അഭിപ്രായം. വിവാഹത്തിന് മുന്‍പുള്ള സെക്സിനോടും എനിക്ക് എതിര്‍പ്പാണ്. ഓരോരുത്തര്‍ക്കും അക്കാര്യത്തില്‍ അവരവരുടേതായ കാഴ്ച്ചപ്പാടുകളുണ്ടാകും. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്ക് മാത്രമാണ്. അതുകൊണ്ട് ഇലകള്‍ സൂക്ഷിക്കുക’ ഷംനയുടെ മുന്നറിയിപ്പ്.
ചട്ടക്കാരിയില്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധം മൂലമുള്ള ദുരന്തമല്ലേ പറയുന്നത്?
കല്യാണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ എനിക്ക് പേടിയുണ്ട്. വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. സിനിമാ രംഗത്താണ് അത് കൂടുതല്‍. അതാണെന്റെ ഭയം. വിവാഹ ബന്ധങ്ങള്‍ ശിഥിലമായി പോകുന്നതിന്റെ പ്രധാന കാരണം നമ്മുടെ സംസ്കാരത്തില്വന്ന മാറ്റമാണ്. ചുംബനം പോലെ സ്വകാര്യമായി ചെയ്യേണ്ട കാര്യം പോലും പരസ്യമായി ചെയ്യുന്ന സമൂഹമായി നമ്മള് മാറി കഴിഞ്ഞു.
അങ്ങെയെങ്കില്‍ സിനിമയില്‍ നിങ്ങള്‍ ചുംബിക്കില്ലേ എന്ന് ചോദിച്ചേക്കാം. അത് ഞങ്ങളുടെ ജോലിയുടെ ഭാഗമായി ചെയ്യുന്നതാണ്. സിനിമയില്‍ ഉമ്മ വെയ്ക്കുക മാത്രമല്ല കല്യാണം കഴിക്കുകയും താലി അണിയിക്കുകയും സീമന്തരേഖയില്‍ സിന്ദൂരം അണിയിക്കുകയുമൊക്കെ ചെയ്യുന്നില്ലേ ? ഭര്‍ത്താവ് ഭാര്യക്ക് കൊടുക്കുന്നത് പോലെയല്ല അമ്മ മകന് കൊടുക്കുന്ന ഉമ്മ. പ്രണയം നിറഞ്ഞ ചുംബനം സ്വകാര്യമായി നല്‍കേണ്ടതാണ്. അത് ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍വെച്ച് ചെയ്യാന്‍ അപാര തൊലിക്കട്ടി വേണം. സിനിമാക്കാരൊക്കെ തോന്നിയപോലെ നടക്കുന്നവരാണെന്ന ധാരണ പൊതുവേയുണ്ടെന്ന് ഷംന പറയുന്നു.
നൈറ്റ് ക്ലബുകളിലും പാര്ട്ടികള്ക്കുമൊന്നും പോകുന്ന ശീലമുള്ള ഒരാളല്ല ഞാന്‍. അടുത്തിടെ കൊച്ചിയിലെ ഒരു ഫല്റ്റിയില് ലഹരി മരുന്ന് ഉപയോഗിച്ചതിന് യുവനടനൊപ്പം പിടിയിലായത് നാല് പെണ്‍കുട്ടികളാണ്. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ എന്താ ഇങ്ങനെ. ഫ്രീക്കൗട്ട് എന്നാണ് പറയുക. രാത്രി ഏഴു മണിയോ എട്ടു മണിയോ കഴിഞ്ഞാല്‍ കുടംബത്തോടൊപ്പമല്ലാതെ പുറത്തിറങ്ങാത്ത ആളാണ് ഞാന്‍. നമ്മുടെ കുടുംബം നമ്മളെ കെയര്‍ ചെയ്യുന്നത് പോലെ ഒരിക്കലും ഫ്രണ്ട്സ് നമ്മളെ കെയര്‍ ചെയ്യില്ല. കുടുംബം മാത്രമെ എന്നും കൂടെ കാണു എന്ന ഫ്രീക്കൗട്ട് ചെയ്യുന്നവര്‍ ഓര്‍ത്താല്‍ നന്ന്. പിടിക്കപ്പെട്ട പയ്യന് പെണ്‍കുട്ടികള്‍ വിളിച്ചിട്ടാണത്രെ അങ്ങോട്ട് പോയത്. എല്ലാവരും അതിലെ വാര്‍ത്ത മാത്രമെ കാണു. പക്ഷെ അവരുടെ കുടുംബങ്ങള്‍ക്കോ ?
ഇന്റര്‍നെറ്റില്‍ ഷംനാ കാസിമിന്റെ പേരില്‍ ഒരുപാട് പ്രണയങ്ങളുണ്ട്. പേര് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ തന്നെ അറിയാം. ഒരുമിച്ച് അഭിനയിച്ച നായകന്മാരുമായെല്ലാം ഷംനയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ഏതെങ്കിലം ഒരു വെബ്സൈറ്റില്‍ കാണാതിരിക്കില്ല. ഒപ്പം അഭിനയിക്കുന്ന എല്ലാ നായകന്മാരെയും പ്രണയിക്കുന്ന ആളാണോ ഷംന ?
ചട്ടക്കാരി റിലീസായപ്പോള്‍ നായകന് ഹേമന്ദും ഞാനും പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പ്. അത് ശരിക്കും കത്തി പടര്‍ന്നു. എനിക്കും ഹേമന്ദിനും അതൊരു കോമഡി ആയിരുന്നു. പലപ്പോഴും ഞങ്ങള്‍ അതേപ്പറ്റി പറഞ്ഞ് ചിരിക്കുമായിരുന്നു. ഗോസിിപ്പുകാരുടെ ഒരു കാര്യമെ! പെണ്ണുങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാകാത്തത് എവിടെയാണ്. സിനിമാ രംഗത്ത് മാത്രമൊന്നുമല്ല ഇത്. ചെറിയൊരു ഓഫീസില്‍ പോലും സ്ത്രീകളെ കുറിച്ച് ചില ആണുങ്ങള് കഥ മെനയും. അതിനെ മാനസിക രോഗമെന്നേ പറയാന്‍ കഴിയു. അടുത്തിടെ ഫെയ്സ്ബുക്കില്‍ എന്റെ വിവാഹ വാര്‍ത്ത പോലും വന്നു. ഗോസിപ്പുകളില്‍ കാര്യമൊന്നും ഇല്ലെങ്കിലും കുറെ ശുദ്ധന്മാരെങ്കിലും അത് വിശ്വസിച്ചെന്നിരിക്കും. എന്നാല്‍ കേട്ടോ…. നായകന്മാരെ പ്രണയിച്ച് നടക്കുന്ന ആളൊന്നുമല്ല ഞാന്‍. ജീവിതത്തില്‍ എനിക്ക് ഒരു പ്രണയമെ ഉണ്ടായിട്ടുള്ളു. അതൊരു നടനുമായിട്ടായിരുന്നു. ആ ബന്ധം തകര്‍ന്നപ്പോള്‍ ഒരുപാട് വേദന തോന്നി. ആള് മലയാളിയല്ല. എന്റെ സിനിമാ ജീവിതത്തില്‍ അത്ര തീവ്രതയോടെ ഞാന്‍ ഒരാളെ മാത്രമെ പ്രണയിച്ചിട്ടുള്ളു. ആ വേദനയില്‍നിന്ന് ഞാന്‍ മോചിതയായി കഴിഞ്ഞു. ഇനി പ്രണയമില്ല, ഒരു അനുഭവം തന്നെ ധാരാളം. കുടുംബത്തിന്റെ സമ്മതത്തോടെയുള്ള ഒരു വിവാഹ ബന്ധത്തിനാണ് എനിക്കിനി താല്പര്യം ഷംന പറയുന്നു.