”സ്വയംഭോഗം ചെയ്യുന്ന രംഗം അവതരിപ്പിക്കാന്‍ പേടിയായി”: ഷെയ്ന്‍ നിഗം

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ മികച്ച പ്രതികരണം ലഭിച്ച ചിത്രമായിരുന്നു. അലന്‍സിയറും അഹാന കൃഷ്ണകുമാറും പ്രധാനവേഷങ്ങളിലെത്തിയ സിനിമയില്‍ നായക സ്ഥാനത്തേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് ഷെയ്ന്‍ നിഗത്തെയായിരുന്നു. പക്ഷേ അന്ന് ആ വേഷം സ്വീകരിക്കാനാകാതെ താരം പിന്‍മാറുകയായിരുന്നു.

സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഷെയ്‌ന്റെ പിന്‍മാറ്റം. ചിത്രത്തില്‍ നിന്നും പിന്‍മാറാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഷെയ്ന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

Loading...

‘ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ് മാത്രമേ പ്രായമുള്ളൂ. കോളജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുന്‍പ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.

സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്. ഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്. എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണം’- ഷെയ്ന്‍ തുറന്ന് പറഞ്ഞു.

2014ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസില്‍ പ്രധാനവേഷത്തില്‍ എത്തിയത് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു. അഹാന കൃഷ്ണ, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.