ഷെയിൻ നിഗം വീണ്ടും, നിർമ്മാതാക്കൾക്ക് മനോ വിഷമമോ മനോ രോഗമോ

തിരുവനന്തപുരം: ഷെയിൻ നിഗം വീണ്ടും നിർമ്മാതാക്കൾക്ക് എതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരിക്കുന്നു. ഒത്തുതീർപ്പ് ചർച്ചകൾ ഏകപക്ഷീയമായ ഒന്നാണ്. അമ്മ തന്റെ സംഘടന ആണെന്നും വിവാദങ്ങളിൽ അമ്മ പിന്തുണക്കുമെന്നും ഷെയിൻ നിഗം പറഞ്ഞു. ചർച്ചകളിൽ അവർ പറയുന്നത് റേഡിയോ പോലെ കേൾക്കണമെന്നും ഷെയിൻ പറഞ്ഞു.

ഷെയിൻ നിഗം വിഷയത്തിൽ ചച്ചയ്ക്കായിയ താര സംഘടന അമ്മയുടെ യോഗം ഉടൻ ചേരും. ചർച്ചയിൽ ഷെയിൻ നിഗം പങ്കെടുക്കുമെന്ന് അമ്മ ജെനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

Loading...

അതേസമയം നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടന അമ്മ നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ സംഘടനയില്‍ ഭിന്നത എന്ന് വിവരം പുറത്ത് എത്തിയിരുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ സിദ്ദിഖും ഇടവേള ബാബുവും ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു. വേഗത്തില്‍ പരിഹാരം കാണാനാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ സംഘടനയ്ക്കകത്ത് ചര്‍ച്ച ചെയ്യാതെ ഷെയ്‌നിനായി നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ അംഗീകരിക്കില്ലെന്ന് അമ്മ നിര്‍വാഹക സമിതി അംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു.

കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ചിലര്‍ തീരുമാനമെടുക്കുകയാണെങ്കില്‍ രാജി വെക്കുന്നത് ആലോചിക്കുമെന്നും ഉണ്ണി ശിവപാല്‍ പറയുന്നു. ആദ്യം ഫെഫ്ക ഭാരവാഹികളുമായി സംസാരിച്ച ശേഷം നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനാണ് അമ്മ ഭാരവാഹികള്‍ ഒരുങ്ങുന്നത്. പ്രശ്‌നങ്ങളില്‍ തന്റെ ഭാഗം ഷെയ്ന്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നുമാണ് അമ്മ ഭാരവാഹികള്‍ കരുതുന്നത്.

ഫെഫ്കയുമായും നിര്‍മ്മാതാക്കളുടെ സംഘടനയുമായും അമ്മ നേതൃത്വം ചര്‍ച്ച നടത്തുമെന്നും ഇടവേള ബാബു അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അമ്മ നേതൃത്വത്തിലെ മറ്റുളളവര്‍ അറിയുന്നില്ല എന്നാണ് ആരോപിക്കപ്പെടുന്നത്. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ ഉളള ഒരു തീരുമാനവും അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം നിലപാട് എടുത്തിരിക്കുന്നത്. സിദ്ദിഖിന്റെ വീട്ടിൽ നടന്നത് ഔദ്യോഗിക ചർച്ചയല്ലെന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ഷെയിന്‍ വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടാകുന്നതെങ്കില്‍ രാജി വെക്കുമെന്നാണ് നടന്‍ ഉണ്ണി ശിവപാല്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അമ്മ സംഘടനയില്‍ ഷെയിന്‍ നിഗം വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ഉണ്ണി ശിവപാല്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി്. അമ്മയില്‍ ചര്‍ച്ച ചെയ്യാതെ ഇതിന് മുന്‍പും പല വിഷയങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അക്കാര്യം തങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ഇനി അത്തരത്തില്‍ ഉണ്ടാകില്ല എന്നാണ് അപ്പോള്‍ പറഞ്ഞിരുന്നത്. ഇത് ശരിയാകില്ല എന്ന് ഉണ്ണി ശിവപാല്‍ തുറന്നടിച്ചു. സോഷ്യല്‍ മീഡിയയിലും പൊതുജനങ്ങള്‍ക്കിടയിലും ഈ വിഷയം തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പല രാഷ്ട്രീയക്കാരും കാരവനില്‍ വന്ന് റെയ്ഡ് ചെയ്യും എന്നൊക്കെ പറയുന്ന അന്തരീക്ഷത്തിലുളള വിഷയമാണിത് എന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു.

സംഘടനാ മര്യാദ അനുസരിച്ച് ഷെയിന്‍ വിഷയം എക്‌സിക്യൂട്ടീവ് കമ്മിററിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അമ്മയുടെ പ്രതിനിധി ചര്‍ച്ച നടത്തി എന്ന തരത്തില്‍ വരുന്നതാണ് പ്രശ്‌നം. ഷെയിന്‍ വിഷയത്തില്‍ ഗണേഷ് കുമാര്‍ എതിര്‍ത്ത് പ്രതികരിച്ചിട്ടുണ്ട്. ഗണേഷിന്റെ പേരിന്റെ വാലില്‍ സംഘടനാ പ്രതിനിധി എന്ന് ചേര്‍ത്തിരുന്നില്ല. ഗണേഷ് കുമാര്‍ സംസാരിച്ചു എന്നേ വാര്‍ത്ത വന്നുളളൂ എന്നും ഉണ്ണി ചൂണ്ടിക്കാട്ടി.