ഷെയ്​ന്‍ നിഗവും ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചു

നടന്‍ ഷെയ്​ന്‍ നിഗവും നിര്‍മ്മാതാവ്​ ജോബി ജോർജും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചു. 16 മുതല്‍ ഷെയ്​ന്‍ ജോബിയുടെ ചിത്രത്തില്‍ അഭിനയിക്കും. ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്​നങ്ങള്‍ ധാരണയായതായി ഫെഫ്​ക-അമ്മ ഭാരവാഹികളുടെ സംയുക്​ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആസ്ഥാനത്തായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ തൃപ്തനെന്ന് യോഗത്തിന് ശേഷം ഷെയ്ന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ഷെയ്ന്‍ നിഗമിന് ഇതുവരെ 24 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും നല്‍കാനുള്ള ബാക്കി തുക സിനിമ പൂര്‍ത്തീകരിച്ച ശേഷം നല്‍കുമെന്നും നിര്‍മാതാവ് ജോബി ജോര്‍ജ് അറിയിച്ചു.

Loading...

നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന്‍ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയര്‍ത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ന്‍ പറയുന്നത്. ഇതിന് പിന്നാലെ വിശദീകരണവുമായി ജോബി ജോര്‍ജും രംഗത്തെത്തിയതോടെ ഇരുവരും തമ്മില്‍ വാക്പോര് മുറുകി. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനകള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നത്.