ദയവായി സഹായിക്കണം; ‘വാപ്പച്ചി തന്ന അമൂല്യ നിധിയാണ്’ ; ഷെയ്ന്‍ നിഗം

മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ യുവതാരമാണ് ഷെയ്ന്‍ നിഗം. മിമിക്രി താരം അബിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ഷെയ്ന്‍ അഭിനയമികവുകൊണ്ട് ശ്രദ്ധേയനായി മാറിയ നടനാണ്. ഷെയ്ന്‍ നായകനായി ഒടുവില്‍ തിയറ്ററിലെത്തിയ ഇഷ്‌ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്.

ഇത്തവണ ഒരു അഭ്യര്‍ഥനയുമായിട്ടാണ് ഷെയ്ന്‍ നിഗം എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നാണ് നടന്റെ ആവശ്യം. ഒരു വാച്ചില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍ അതെന്റെ എല്ലാമെന്നാണ് ഷെയ്‌ന്റെ അഭിപ്രായം. വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് താരത്തിന്റെ കൈയില്‍ നിന്നു നഷ്ടമായത്.

ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കമ്ബനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നല്‍കിയത്. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ച് നടന്ന വനിതയുടെ കവര്‍ ഷൂട്ടിനിടെ, എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് ഷെയ്‌നിന്റെ വിശ്വാസം. അബിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്‌ന് വലിയ ദുഃഖമായി. ഇതേത്തുടര്‍ന്നാണ് വായനക്കാരുടെ സഹായം തേടി താരം രംഗത്തെത്തിയത്.