നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി ഷെയ്ന്‍ നിഗം, ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്ന് നടന്‍

കൊച്ചി: നിര്‍മ്മാതാക്കളും നടന്‍ ഷെയ്ന്‍ നിഗമും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരം ആകുന്നില്ല. നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഷെയ്ന്‍ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഷെയ്ന്‍ തള്ളി. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നുമാണ് ഷെയ്ന്‍ പറയുന്നത്.

അതേസമയം ഡബ്ബിംഗ് പൂര്‍ത്തിയാക്കി ഇല്ലെങ്കില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ തന്നെ വ്യക്തമാക്കി ഇരുന്നു. മാത്രമല്ല മറ്റൊരാളെ വെച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി.

Loading...

കഴിഞ്ഞ മാസം 19ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

അതേസമയം പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞു.

അതേസമയം നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌നം അവസാനിക്കുന്നു എന്ന് റിപ്പോര്‍ട്ട് എത്തിയിരുന്നു. ഷെയിന്‍ മാപ്പു പറഞ്ഞതിനു പിന്നാലെ ഷെയ്ന്‍ തനിക്ക് മകനെപ്പോലെയാണെന്നു പറഞ്ഞ ജോബി ജോര്‍ജാണ് വിവാദം കെട്ടടങ്ങുന്നു എന്ന സൂചന നല്‍കിയത്. ഷെയ്ന്‍ തനിക്ക് മകനെപ്പോലെയാണെന്നും കാര്യങ്ങള്‍ സംഘടന തീരുമാനിക്കുമെന്നും ജോബി ജോര്‍ജ് പറഞ്ഞു.

‘ഷെയ്ന്‍ എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്. അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല.’ ജോബി ജോര്‍ജ് പറഞ്ഞു.
തനിക്ക് ഷെയിനിനോട് പിണക്കവുമില്ലെന്നും ജോബി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും സംഘടനകള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താനെന്നും ജോബി വെളിപ്പെടുത്തി. ഷെയ്‌ന് പക്വത എത്തിത്തുടങ്ങിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഉയരങ്ങളിലെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നും ജോബി പറഞ്ഞു.

നേരത്തെ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ 500 ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്‌ന്റെ മാപ്പപേക്ഷ. താന്‍ കാരണം ഒട്ടേരെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഷെയ്‌ന് പറഞ്ഞത്. ‘ ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ അപ്പോഴത്തെ അവസ്ഥയില്‍ പ്രതികരിച്ചതാണ്.

കുറെനാള്‍ ഞാന്‍ ഒന്നിനും പ്രതിഷേധിച്ചിരുന്നില്ല. അതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങളില്‍ മാനസികമായി പല ബുദ്ധിമുട്ടുകളിലും പെട്ടിട്ടുണ്ട്. ഒരു തവണയെങ്കില്‍ ഒരു തവണ അന്തസായിട്ട് മനസില്‍ തോന്നിയത് ചെയ്യട്ടെ എന്ന് കരുതി ചെയ്തതാണ്. അതിലൊരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. ഇത് കാരണം വേദനിച്ച എല്ലാ മനുഷ്യരോടും ഈ വേദിയില്‍ മാപ്പ് പറയുകയാണ്’ ഷെയ്ന്‍ പറഞ്ഞു