കേസിനെ ഭയമില്ല, ജയിലിലും പോകാന്‍ തയ്യാര്‍; ഷാനിമോള്‍ ഉസ്മാന്‍

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച്‌ പിഡബ്ല്യൂഡി എന്‍ജിനിയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പോലീസ് കേസെടുത്തത്.

ആലപ്പുഴ എസ് പിക്കാണ് പരാതി നല്‍കിയിരുന്നത്. തുടരന്വേഷണത്തിനായി പരാതി അരൂര്‍ പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതാണ് ചുമത്തപ്പെട്ടിരിക്കുന്ന കുറ്റം.

Loading...

സെപ്തംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോളും അമ്ബതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥരെ തടയുകയും പണി നടത്താന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് തടയുകയാണ് ഷാനിമോള്‍ ചെയ്തതെന്നും രാഷ്ട്രീയ പ്രതികാരം മൂലം കേസെടുത്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇതെന്നാണ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ വിശദീകരണം.

കേസിനെ ഭയമില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍. ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഷാനിമോള്‍ പറഞ്ഞു. അതേസമയം, ഇതിന് പിന്നില്‍ മന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു