വിമാനത്തിലെ യാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍

ബെംഗളൂരു. എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്ര അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി, ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

കേസെടുത്തതു മുതല്‍ പ്രതി ഒളിവിലായിരുന്നു. രാജ്യം വിടുന്നത് തടയാന്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നാലെ, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ഇയാള്‍ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താന്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ചു. ഇതാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

Loading...

ഇയാള്‍ ബെംഗളൂരുവിലാണെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് അവിടെ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ നവംബറില്‍ ന്യൂയോര്‍ക്ക് ഡല്‍ഹി യാത്രയ്ക്കിടെയാണ് ബിസിനസ് ക്ലാസ് യാത്രികനായ ശങ്കര്‍ മിശ്ര, 70 വയസ്സുള്ള സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവത്തെ തുടര്‍ന്ന്, യുഎസ് ആസ്ഥാനമായുള്ള വെല്‍സ് ഫാര്‍ഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റര്‍ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ കമ്പനിയില്‍നിന്ന് പുറത്താക്കിയിരുന്നു.