കെപിസിസിയ്ക്ക് മറുപടിയുമായി തരൂര്‍; മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതായി ചിത്രീകരിക്കുക മാത്രമാണ് ചെയ്തത്

മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്ന് കെപിസിസിയ്ക്ക് മറുപടി നല്‍കി ശശി തരൂര്‍. മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതായി ചിത്രീകരിക്കുക മാത്രമാണ് ചെയ്തതെന്നും തരൂര്‍ പറഞ്ഞു. മോദിയുടെ ഒരു കടുത്ത വിമര്‍ശകന്‍ തന്നെയാണ് ഞാന്‍. ക്രിയാത്മക വിമര്‍ശനമാണത്.

ഞാന്‍ അതില്‍ ഉറച്ച്‌ നില്‍ക്കുന്നു. ഭരണഘടനഘടനയുടെ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച്‌ വിശ്വസിച്ച്‌ക്കൊണ്ടാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എന്റെ അഭിപ്രായത്തോട് ആരും യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹുമാനിക്കണമെന്നും തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.

Loading...

തരൂരിന് ഒരാഴ്ചക്കിടെയാണ് മനം മാറ്റമുണ്ടായത്. നിരവധി നേതാക്കളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ശശി തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി.

തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചത്. ഒടുവില്‍ ഇതിന് തരൂര്‍ മറുപടി ഔദ്യോഗികമായി തന്നെ നല്‍കുകയും ചെയ്തു.തരൂരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.