ന്യൂഡല്‍ഹി: ശശി തരൂര്‍ എംപി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.തന്റെ ട്വീറ്റിനെ ചിലര്‍ ആര്‍എസ്എസ് അനുകൂലമായി ചിത്രീകരിച്ചിരിക്കുകയാണെന്നും എന്നാല്‍ ചായ വില്പ്പനക്കാരന് ഇന്ത്യയുടെ ത്രിവര്‍ണത്തെ കാവിവല്‍ക്കരിക്കുകയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ചായപാത്രത്തില്‍ നിന്നും ത്രിവര്‍ണ നിറത്തിലുള്ള ചായ അരിപ്പയിലേക്ക് ഒഴിക്കുമ്പോള്‍ അത് കാവി നിറത്തില്‍ പുറത്തേക്ക് വരുന്നതായിരുന്നു ചിത്രം. ഇത് വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചു. വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുകയാണ്.രാജ്യത്തെ നിലവിലെ സാഹചര്യമാണ് അഭിനവ് കഫാരെ എന്ന കലാകരന്റെ ഈ ചിത്രത്തില്‍ കാട്ടുന്നത് എന്നായിരുന്നു ശശി തരൂര്‍ ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ചിത്രം ചര്‍ച്ചയായി. കോണ്‍ഗ്രസ് ബിജെപിയായി മാറുന്ന രാജ്യത്തെ സാഹചര്യമാണോ ഇതിലൂടെ കാട്ടി തരുന്നത് എന്നായിരുന്നു പലരും ചോദിച്ചത്.
‘എന്റെ ട്വീറ്റിനെ ചിലര്‍ ആര്‍എസ്എസ് അനുകൂലമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ഭയപ്പെടുന്നു. അത് വരച്ച കലാകരന് അഭിനവ് കഫാരെയെ എനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ അത് പങ്കുവെച്ചത് ചായ വില്പ്പനക്കാരന് ഇന്ത്യയുടെ ത്രിവര്‍ണത്തെ കാവിവല്‍ക്കരിക്കുകയാണെന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നുമുള്ള അര്‍ത്ഥത്തിലാണ്. എന്റെ പുസ്തകത്തിലെ സന്ദേശവും അത് തന്നെയാണ്.’ ശശി തരൂര്‍ പറഞ്ഞു.