വിവാഹ ശേഷം അഭിനയിക്കുന്നതാണ് കൂടുതല്‍ നല്ലത്: ഷീലു എബ്രഹാം

കിട്ടുന്ന കഥാപാത്രങ്ങള്‍ മനോഹരമായി നിര്‍വഹിക്കുന്ന താരമാണ് ഷീലു എബ്രഹാം .പ്രമുഖ നിര്‍മ്മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യയായ ഷീലു വിവാഹ ശേഷമാണ് സിനിമയില്‍ സജീവമായത്. വിവാഹ ശേഷം അഭിനയിക്കുന്നതാണ് നല്ലതെന്നാണ് ഷീലു ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതിന് അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ട്.

പോലീസ് വേഷങ്ങള്‍ നന്നായി നന്നായി ഇണങ്ങുന്ന അപൂര്‍വം നടിമാരില്‍ ഒരാളായ ഷീലു ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കി.ശീലുവിന്റെ പുതിയ ചിത്രമായ പട്ടാഭിരാമനാണ് അടുത്തതായി തീയേറ്ററുകളില്‍ എതാന്‍ പോകുന്നത് . ജയറാമിന്റെ നായികയായാണ് സിനിമയില്‍ എത്തുന്നത് .ഈ മാസം 23 നു തീയേറ്ററുകളില്‍ എത്തും.

‘പലരും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുന്നത്. എനിക്ക് അവസരം ലഭിച്ചത് വിവാഹത്തിന് ശേഷമാണ്. താരതമ്യേന അതാണ് നല്ലതെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ച് എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് ഒപ്പമുണ്ട്. അതൊരു വലിയ ആശ്വാസമാണ്. സിനിമയില്‍ ലഭിക്കുന്ന അവസരങ്ങളെ സംബന്ധിച്ച് എനിക്ക് അറിയില്ല. വിവാഹം കഴിഞ്ഞിട്ടും പല നടിമാരും സിനിമയില്‍ സജീവമാണ്. അതോടൊപ്പം വിവാഹത്തിന് മുമ്പ് തിളങ്ങുകയും പിന്നീട് സിനിമയില്‍ ഒന്നും ആകാതെ പോയവരും ഉണ്ട്. അതെല്ലാം ചിലരുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആയിരിക്കാം. എന്നെ സംബന്ധിച്ച് വിവാഹശേഷം വീണ്ടും ഓഫര്‍ വന്നപ്പോള്‍ അത് വിട്ടുകളയാതെ ഉപയോഗിച്ചു. ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അവസരം ലഭിച്ചിരുന്നു. അന്ന് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ആ അവസരങ്ങളൊന്നും ഉപയോഗിക്കാനായില്ല. ഒരു ആഡ് ഫിലിം ചെയ്തതിന് പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് പല സിനിമകളിലായി ചെറിയ വേഷങ്ങള്‍ ചെയ്തു. ഷീ ടാക്സി മുതലാണ് നല്ല വേഷങ്ങള്‍ ലഭിച്ചത്.’ അവര്‍ വ്യക്തമാക്കുന്നു.
സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രശ്നം എന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു. പുരുഷന്മാര്‍ക്കും പ്രശ്നം ഉണ്ടാകുന്നുണ്ട്. എല്ലാവരും പലതരം പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. വ്യക്തികള്‍ എങ്ങനെ ആ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. ഒരു വ്യക്തി എന്ന നിലയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം ഒരു സംഘടന വേണമെന്ന് തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ തോന്നിയവരാണ് അത്തരം സംഘടനകളുണ്ടാക്കിയത്. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അവര്‍ക്ക് അത് നല്ലതെന്ന് തോന്നിയിരിക്കാം. എന്നെ അത് ബാധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെ സ്വയം കൈകാര്യം ചെയ്യാറാണ് പതിവെന്നും അവര്‍ വ്യക്തമാക്കി