ഷെയിന്‍ നിഗം വിഷയത്തില്‍ ഷമ്മി തിലകന്‍, ‘മുതിര്‍ന്നവരെ കണ്ടാണ് പുതിയ തലമുറയിലുള്ളവര്‍ പഠിക്കുന്നത്’

ഷെയ്ന്‍ നിഗമും നിര്‍മ്മാതാക്കളും തമ്മിലുള്ള വിഷയങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവരുടെ കൈ ശുദ്ധമായിരിക്കണം. എങ്കിലേ നേതൃത്വം പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കൂ. മുതിര്‍ന്നവരെ കണ്ടാണ് പുതിയ തലമുറയിലുള്ളവര്‍ പഠിക്കുന്നത്. മുതിര്‍ന്ന തലമുറയിലുള്ളവര്‍ ചെയ്യുന്നതെല്ലാം ശരിയാണോയെന്നും ഇപ്പോഴുള്ള കാര്യങ്ങള്‍ പറയാന്‍ മുതിര്‍ന്ന തലമുറയ്ക്ക് യോഗ്യതയുണ്ടോ എന്നും ഷമ്മി തിലകന്‍ ചോദിച്ചു.

അതേസമയം നിര്‍മ്മാതാക്കള്‍ക്കെതിരായ പ്രസ്താവനയില്‍ ക്ഷമാപണവുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും, എന്നാല്‍ താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ന്‍ വ്യക്തമാക്കി.

Loading...

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

‘കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐ എഫ്എ ഫ് കെ വേദിയില്‍ ഞാന്‍ നടത്തിയ പ്രസ്താവന വലിയതോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാര്‍ത്തകളില്‍ വന്നത്. ദൃശ്യ മാദ്ധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്.

ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച് ഇതിനു മുമ്ബ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം

അതേസമയം ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. രണ്ട് സിനിമകള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഈ മാസം 19 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. നിര്‍മ്മാതാക്കള്‍ക്കെതിരെ മനോരോഗികള്‍ എന്ന് വിളിക്കുകയും ചെയ്തതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഷെയ്ന്‍ നിഗത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, ഷെയ്‌നെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തയച്ചു. നിര്‍മാതാക്കളുടെ സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫിലിം ചേമ്ബറിന്റെ നടപടി.