ദത്ത് വിവാദത്തിൽ പ്രതികരിക്കാനില്ല; നിയമനടപടികൾ നടക്കട്ടേയെന്ന് ഷിജു ഖാൻ

മലപ്പുറം: ദത്ത് വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ. വിഷയത്തിൽ ഇപ്പോൾ പരസ്യമായ പ്രതികരണത്തിന് ഇല്ലെന്നാണ് ഷിജു ഖാൻ പറയുന്നത്. ഇപ്പോൾ നിയമനടപടികളൊക്കെ തുടരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുപമയ്ക്ക് മകനെ കിട്ടുമ്പോഴും കുഞ്ഞിനെ ദത്ത് കൊടുത്തതിലെ ദുരൂഹതകൾ നീങ്ങിയിട്ടില്ല. ഇതിൽ ശിശുക്ഷേമ സമിതിയുടെയും, സിഡബ്ല്യുസിയുടെയും വീഴ്ചകൾ വ്യക്തമാക്കിയാണ് വനിതാ ശിശുവികസന ഡയറക്ടർ ടി വി അനുപമ നൽകിയ റിപ്പോർട്ട്.

അനുപമ എസ് ചന്ദ്രൻ കുഞ്ഞിനെ തേടിയെത്തിയതറിഞ്ഞിട്ടും ശിശുക്ഷേമ സമിതിയും, സി‍ഡബ്ല്യുസിയും നടപടികൾ തുടർന്നതാണ് ഗൗരവതരം. റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്താകുമ്പോഴും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപഎമ്മിന്റേത്. കോടതി കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ തെറ്റുകാരനെന്ന് പറയാൻ കഴിയില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചത്. ആനാവൂർ അടക്കം കുടുങ്ങുമെന്ന് ഉറപ്പാകുമ്പോഴാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തട്ടിയകറ്റിയവർക്കെതിരെയും നടപടിയുണ്ടായാൽ മാത്രമേ നീതി ലഭിക്കുവെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അനുപമ.

Loading...