ബോളിവുഡ് സുന്ദരി ശില്‍പാഷെട്ടി തന്റെ ഫിറ്റ്‌നസ് രഹസ്യം തുറന്നുപറഞ്ഞു കൊണ്ട് പുസ്തകം തന്നെ എഴുതിയിരിക്കുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്നാണ് പുസ്തകത്തിന്റെ പേര്. പുസ്തകമെഴുതി എന്നു കരുതി ഒരു ഡയറ്റിങ് വിദഗ്ദയാണെന്നൊന്നും ശില്‍പ കരുതുന്നില്ല. എങ്കിലും സ്വന്തം ജീവിതത്തിലെ അനുഭവങ്ങളുടെയും പാഠങ്ങളുടെയും ഒരു തുറന്നെഴുത്തുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. നമുക്ക് ജീവിതത്തോടു തന്നെ ഒരു അച്ചടക്കം വേണം എന്നാണ് ശില്‍പ പറയുന്നത്. എന്തായാലും ശില്‍പയുടെ ആരാധകര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ പുസ്തകം പുറത്തിറങ്ങുന്നതിനു മുന്‍പേ കോപ്പികള്‍ ബുക്ക് ചെയ്തു കാത്തിരിക്കുകയാണ്.

shilpa-shetty-fitness

Loading...

”ഒരുപാടുപേര്‍ എന്നോടു ചോദിച്ചിട്ടുണ്ട്, എങ്ങനെയാണ് ഈ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതെന്ന്. യഥാര്‍ഥത്തില്‍ അത് വളരെ ശ്രമകരമായ ഒന്നാണ്. എങ്കിലും മനസ്സുണ്ടെങ്കില്‍ അത് വളരെ എളുപ്പവുമാണ്. നാല്‍പതു വയസ്സിലും ഫിറ്റ്‌നസ് സൂക്ഷിക്കാന്‍ എനിക്ക് സാധിക്കുന്നത് എന്റെ മനസ്സിന്റെ പോസിറ്റീവ് ശക്തികൊണ്ടാണ്. കുഞ്ഞുണ്ടായ ശേഷം എല്ലാ സ്ത്രീകളെയും പോലെ ഞാനും വണ്ണം വച്ചിരുന്നു. എന്നാല്‍ ചിട്ടയായ വ്യായാമങ്ങളിലൂടെയും ഭക്ഷണശീലങ്ങളിലൂടെയുമാണ് എനിക്ക് അതെല്ലാം നിയന്ത്രിക്കാനായത്. എല്ലാവര്‍ക്കും സ്വന്തമായി ഒരു ഡയറ്റീഷ്യനെയോ ന്യൂട്രീഷ്യനെയോ കൊണ്ടുനടക്കാന്‍ കഴിയില്ല. എല്ലാ ദിവസവും ജിമ്മിലും ഹെല്‍ത്ത് ക്ലബിലും പോകാനും കഴിയണമെന്നില്ല. സാധാരണക്കാരായ സ്ത്രീകള്‍ക്കു വേണ്ടി, അവര്‍ക്കു സാധ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഉള്‍പ്പെടുത്തിയാണ് ഞാന്‍ ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.” ശില്‍പ ഷെട്ടി തന്റെ പുസ്തകത്തെക്കുറിച്ച് പറഞ്ഞു.