കൊവിഡ് പ്രതിരോധം: പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശ് സർക്കാർ

ഷിംല: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവരെ പിടികൂടിയാല്‍ എപിഡമിക് ഡീസിസ് നിയമം അനുസരിച്ചുളള നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ബന്ധപ്പെട്ട വകുപ്പ് അനുസരിച്ചുളള നടപടിയും സ്വീകരിക്കുമെന്നും ഹിമാചല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ച്യുയിം​ഗം, പാൻ മസാല തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വില്പന‍ സർക്കാർ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ ഡി ധിമ്മാന്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 33 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1311 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഗുജറാത്തിൽ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയും ക്വാറന്‍റീനിൽ പ്രവേശിച്ചു. കൊവിഡ് ബാധിതനായ എംഎൽഎയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് ഇരുവരും ക്വാറന്‍റീനിൽ പ്രവേശിച്ചത്. ഗുജറാത്തിൽ ഇനി യോഗങ്ങളെല്ലാം വിഡിയോ കോൺഫറൻസ് വഴിയാകും. ഔദ്യോഗിക വസതികളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.

Loading...

രോഗം പടർന്ന് പിടിക്കുന്ന അഹമ്മദാബാദിലെ ചിലയിടങ്ങളിൽ ഏപ്രിൽ 21വരെ കർഫ്യൂ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് ച‍ർച്ച ചെയ്യാനാണ് കോൺഗ്രസ് നേതാവും സ്ഥലം എംഎൽഎയായ ഇമ്രാന്‍ ഖേദ്‍വാലയും മറ്റ് രണ്ട് കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന എംഎൽഎ സാമ്പിൾ പരിശോധാഫലം കാത്തിരിക്കേയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേലടക്കമുള്ളവർ യോഗത്തിനുണ്ടായിരുന്നു. ആരും മാസ്കും ധരിച്ചിരുന്നില്ല. പിന്നീട് വൈകീട്ടോടെ എംഎൽഎയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.