‘ദൈവവിധി’ എന്നൊക്കെ പറഞ്ഞ്‌ അവനുമേൽ മണ്ണിടാൻ വരട്ടെ ; രോക്ഷകുറിപ്പുമായി ഡോക്ടര്‍

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതിനെ തുടർന്ന് മലപ്പുറത്ത് പത്തു വയസുകാരൻ മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കൊടിയത്തൂർ പള്ളിത്തൊടിക വീട്ടിൽ സലീമിന്റെ മകൻ അരാഫത്ത് അമീൻ ആണ് മരിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോക്ടർ ഷിംന അസീസ്. ജനിച്ച്‌ ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര,അഞ്ച്‌, പത്ത്‌, പതിനാറ്‌ വയസ്സിലും ഗർഭിണികളിൽ രണ്ട്‌ ഡോസും സ്ഥിരമായി നൽകി വരുന്നു. ഇതൊക്കെ എന്തിനാന്ന്‌ വെച്ചാൽ, ക്ലോസ്‌ട്രീടിയം ടെറ്റനി എന്ന ബാക്‌ടീരിയ ഇല്ലാത്ത ഒരിടവുമില്ല. ഇത്‌ മുറിവിലൂടെ ശരീരത്തിൽ കയറിയാൽ ആവശ്യത്തിന്‌ പ്രതിരോധശേഷി ഇല്ലെങ്കിൽ ടെറ്റനസ്‌ ബാധിച്ച്‌ മരിച്ച്‌ പോകും. വെറും മരണമല്ല, മരിക്കുന്നതിന്‌ മുൻപ്‌ തുടർച്ചയായ പേശി കൊളുത്തിപ്പിടിക്കലും അപസ്‌മാരസമാനമായ ചേഷ്‌ടകളും, കഴുത്തും നെഞ്ചുമടക്കം മുറുകിയ പോലെ തോന്നുന്നതും വളഞ്ഞ്‌ വില്ല്‌ പോലെ നിൽക്കുന്ന പൊസിഷനും (opisthotonus) എല്ലാമുണ്ടാകും. ശബ്‌ദവും വെളിച്ചവും പോലും സഹനത്തിന്‌ ആക്കം കൂട്ടും. ജീവിക്കാൻ എല്ലാ അവകാശവുമുണ്ടായിരുന്ന ഒരു കുഞ്ഞിന്റെ വിയോഗം നൽകുന്ന വേദന വലുതാണ്. വാക്‌സിൻ കൊണ്ട്‌ രക്ഷപ്പെടാവുന്ന ജീവനുകളാണ്‌ വിടരും മുന്നേ തല്ലി കൊഴിയുന്നത്‌ സങ്കടകരമാണെന്നും ഷിംന അസീസ് പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

Loading...

“പോയിസണുള്ള കുത്തിവെപ്പ്‌ എടുക്കണ്ടേ ഡോക്‌ടറേ?” എന്ന്‌ ചോദിച്ച്‌ വരുന്ന രോഗികളെ കണ്ടാണ്‌ ശീലം.

ആണി കുത്തിയാലും കമ്പ് കൊണ്ടാലും എന്ന്‌ വേണ്ട ഏത്‌ മുറിവിനും അവരത്‌ ചോദിച്ച്‌ വാങ്ങിക്കും. ആക്‌സിഡന്റിനും സർജറിക്കും ഗർഭിണിക്കുമെല്ലാം നൽകുന്ന അത്രയേറെ സാർവ്വത്രികമായ വാക്‌സിനാണ്‌ ടിടി എന്ന്‌ ചുരുക്കി വിളിക്കുന്ന ടെറ്റനസ്‌ ടോക്‌സോയിഡ്‌ വാക്‌സിൻ.

ജനിച്ച്‌ ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര,അഞ്ച്‌, പത്ത്‌, പതിനാറ്‌ വയസ്സിലും ഗർഭിണികളിൽ രണ്ട്‌ ഡോസും സ്ഥിരമായി നൽകി വരുന്നു. ഇതൊക്കെ എന്തിനാന്ന്‌ വെച്ചാൽ, ക്ലോസ്‌ട്രീടിയം ടെറ്റനി എന്ന ബാക്‌ടീരിയ ഇല്ലാത്ത ഒരിടവുമില്ല. ഇത്‌ മുറിവിലൂടെ ശരീരത്തിൽ കയറിയാൽ ആവശ്യത്തിന്‌ പ്രതിരോധശേഷി ഇല്ലെങ്കിൽ ടെറ്റനസ്‌ ബാധിച്ച്‌ മരിച്ച്‌ പോകും.

വെറും മരണമല്ല, മരിക്കുന്നതിന്‌ മുൻപ്‌ തുടർച്ചയായ പേശി കൊളുത്തിപ്പിടിക്കലും അപസ്‌മാരസമാനമായ ചേഷ്‌ടകളും, കഴുത്തും നെഞ്ചുമടക്കം മുറുകിയ പോലെ തോന്നുന്നതും വളഞ്ഞ്‌ വില്ല്‌ പോലെ നിൽക്കുന്ന പൊസിഷനും (opisthotonus) എല്ലാമുണ്ടാകും. ശബ്‌ദവും വെളിച്ചവും പോലും സഹനത്തിന്‌ ആക്കം കൂട്ടും. വളരെ വേദനാജനകമായ ഈ അണുബാധയിലൂടെയുള്ള മരണം ഏതാണ്ട്‌ പൂർണമായും ഇല്ലാതെയായിരുന്നു നമ്മുടെ നാട്ടിൽ.

ഇന്നലെ വീണ്ടും കോഴിക്കോട് അത്‌ സംഭവിച്ചിരിക്കുന്നു. ഒരു കുത്തിവെപ്പ്‌ പോലുമെടുക്കാത്ത കുട്ടിയായിരുന്നു. അവൻ ടെറ്റനസിന്‌ കീഴടങ്ങി. ‘ദൈവവിധി’ എന്നൊക്കെ പറഞ്ഞ്‌ അവനുമേൽ മണ്ണിടാൻ വരട്ടെ.

ജീവിക്കാൻ എല്ലാ അവകാശവുമുണ്ടായിരുന്ന ഒരു കുഞ്ഞായിരുന്നു അവൻ. വലിയ വിഷമമുണ്ട്‌. വാക്‌സിൻ കൊണ്ട്‌ രക്ഷപ്പെടാവുന്ന ജീവനുകളാണ്‌ വിടരും മുന്നേ തല്ലി കൊഴിയുന്നത്‌.

രോഗപ്രതിരോധം മക്കളുടെ അവകാശമാണ്‌.
ഇനിയെങ്കിലും ഇത്‌ ആവർത്തിക്കാതിരിക്കട്ടെ.