പരസ്‌രം മനസ്സിലാക്കി ജീവിച്ചാൽ തീരാവുന്ന പ്രശ്‌നമേ പല കുടുംബങ്ങളിലുമുള്ളൂ

ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. പങ്കാളിയെ മനുഷ്യനായി കാണാനുള്ള പക്വത കാണിച്ചാൽ തീരാവുന്ന പ്രശ്നമേ പലയിടത്തും ഉള്ളൂവെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.

സ്വന്തമായി വരുമാനമുള്ള സ്ത്രീകൾക്ക് കുടുംബത്തിലും സമൂഹത്തിലും അതിന്റെ അംഗീകാരമുണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു. കാലം പുരോഗമിച്ചെങ്കിലും പെണ്ണുങ്ങൾ പണിക്ക് പോകാൻ പാടില്ലെന്നും ആരോടും മിണ്ടാൻ പാടില്ലെന്നും ‘വാശി’യുള്ള ചിലരൊക്കെ ഇപ്പോഴുമുണ്ടെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

Loading...

ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം;

ചില ചങ്ങാതിമാർ കിടുവാണ്‌. നമ്മൾ വിളിച്ചാൽ കാര്യമന്വേഷിക്കും. അവരെക്കൊണ്ട്‌ പറ്റുന്നതാണേൽ ചെയ്‌ത്‌ തരും. പറ്റില്ലെങ്കിൽ പറ്റില്ലെന്ന്‌ തന്നെ നേരിട്ട്‌ പറയും. ഒരുപാട്‌ മനുഷ്യരെ കണ്ടതിന്റെയും ജീവിതവും മരണവും ലോകവും അറിഞ്ഞതിന്റെയും ഒരു പക്വത കാണും. സ്‌നേഹവും കരുതലുമുള്ള സംസാരത്തിൽ ശരിക്കും ആ വ്യത്യാസം കാണും. You feel really comfortable with them.

കുടുംബവരുമാനത്തിൽ പെണ്ണിന്റെ പങ്കുണ്ടെങ്കിൽ അവർക്ക്‌ ഒരൽപം ബഹുമാനവും സ്‌ഥാനവും കൂടുതൽ കിട്ടുന്നുണ്ട്‌ എന്നൊരു ഒബ്‌സർവേഷനും ഇതിന്റെ കൂട്ടത്തിൽ കണ്ണിൽ സ്‌ട്രൈക്ക്‌ ചെയ്യാൻ തുടങ്ങീട്ട്‌ കുറച്ച്‌ നാളായി. ആ വീട്ടിലെ പുരുഷപ്രജകൾക്കും സ്‌ത്രീബഹുമാനം കൂടുതൽ കാണും.

വീട്ടിൽ സഹായിക്കാൻ വരുന്ന ചേച്ചിയും ആശുപത്രിയിലെ മിക്കവാറും ചേച്ചിമാരും സ്‌റ്റാഫും ഡോക്‌ടർമാരുമൊക്കെ ഈ സ്‌പേസ്‌ ആസ്വദിക്കുന്നവരാണെന്ന്‌ തോന്നിയിട്ടുണ്ട്‌. നല്ല കാര്യം.

“പെണ്ണുങ്ങൾ പണിക്ക്‌ പോവാൻ പാടില്ല, ആരോടും മിണ്ടാൻ പാടില്ല” എന്നൊക്കെ പറയുന്നവരുടെ കൂടെ ജീവിക്കുന്ന സ്‌ത്രീകളാവട്ടെ, അവരുടെ വകയായി അടിച്ചേൽപ്പിക്കപ്പെടുന്ന നിയമങ്ങളിലും നിയന്ത്രണങ്ങളിലും ശ്വാസം മുട്ടി വിധേയത്വത്തിന്റെ അങ്ങേയറ്റം പേറുന്നുണ്ട്‌ താനും. രൂപത്തെയും സ്വഭാവത്തെയും കുറ്റപ്പെടുത്തലും അന്യരെക്കുറിച്ച്‌ ഏഷണിയും പരദൂഷണവും പറച്ചിലും എതിർലിംഗങ്ങളെ പുച്‌ഛിക്കലും ഗാർഹികപീഡനവുമെല്ലാം ഏറ്റവുമധികം ഇത്തരമിടങ്ങളിലാണെന്ന്‌ തോന്നുന്നു. പലചരക്കുകടയിലെ ബില്ല്‌ എത്രയാണെന്ന്‌ പോലും അറിയാത്ത, ആശുപത്രിയിൽ പോകാൻ ഓട്ടോറിക്ഷയിൽ കയറണമെങ്കിൽ ഗൾഫിലുള്ള ഭർത്താവിനെ വിളിച്ച്‌ വാക്കാൽ സമ്മതം വാങ്ങേണ്ട അവസ്‌ഥ !

പങ്കാളികൾ ഇരുവരും സാമ്പത്തികമായി പരസ്‌പരം താങ്ങാകുന്നിടത്ത്‌ ആൺ മേൽക്കോയ്‌മ വല്ലാതെ ചിലവാകാത്ത സ്‌ഥിതിയുണ്ട്‌. ‘ഭാര്യയുടെ ചിലവിൽ ജീവിക്കുന്നവൻ’ എന്ന്‌ ഈഗോ കയറ്റാൻ വ്യക്‌തിത്വമില്ലാത്ത നാല്‌ അവൻമാര്‌ റോഡിൽ കാത്തിരിപ്പുണ്ടെങ്കിൽ, അത്‌ തലയിൽ കേറ്റാനുള്ള വിവരക്കേട്‌ കെട്ടിയോനുണ്ടേൽ അത്‌ മതി പൂർത്തിയാവാൻ. “അവളെനിക്ക്‌ വേണ്ടി കൂടിയാ കഷ്‌ടപ്പെടുന്നത്‌, ചിലക്കാണ്ട്‌ പോടോ” എന്ന്‌ പറയാനുള്ള ഗട്ട്‌സ്‌ ഈ മനുഷ്യനുണ്ടാകണം.അവിടെ പ്രശ്‌നങ്ങൾ തീരും.

വ്യക്‌തിജീവിതത്തിൽ അഭിപ്രായം പറയാനും കുടുംബം കലക്കാനും ആളില്ലാത്തൊരിടത്ത്‌ പങ്കാളികൾ ഇരുവർക്കും പേഴ്‌സണൽ സ്‌പേസ്‌ അനുവദിച്ച്‌ കൊണ്ട്‌ പരസ്‌രം മനസ്സിലാക്കി ജീവിച്ചാൽ തീരാവുന്ന പ്രശ്‌നമേ പല കുടുംബങ്ങളിലുമുള്ളൂ. ‘നീ അങ്ങോട്ട്‌ നോക്കരുത്‌, ഇങ്ങോട്ട്‌ തിരിയരുത്‌, തുമ്മരുത്‌, ആരോടും മിണ്ടരുത്‌’ എന്നും പറഞ്ഞ്‌ കയറില്ലാതെ കെട്ടിയിടുകയും പങ്കാളി സ്‌നേഹം കാണിക്കുന്നതിലും ആദരവ്‌ കൊടുക്കുന്നതിലും വട്ടപൂജ്യം ആകുകയും ചെയ്‌താൽ കഴിഞ്ഞു കഥ.

കഹാനി ഖത്തം.

പങ്കാളിയുടെ സ്വാതന്ത്ര്യം കെട്ടിയിടുന്നിടത്ത്‌ സന്തോഷം ലഭിക്കുന്നുവെങ്കിൽ, അവരുടെ ചിരിയും സൗഹൃദങ്ങളും അസ്വസ്‌ഥതയാകുന്നുവെങ്കിൽ, അവരുടെ അഭിപ്രായത്തേക്കാൾ അവരെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക്‌ വില മതിക്കുന്നുവെങ്കിൽ, പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല താനും…

എപ്പോഴാ നമ്മൾ ആണിനും പെണ്ണിനും ട്രാൻസിനും മീതെ മനുഷ്യനെ കാണാൻ പഠിക്കുന്നതാവോ !