ഡോക്ടര്‍മാര്‍ ദൈവമല്ല, വെറും മനുഷ്യരാണ് … കൊല്‍ക്കത്തയിലെ ഡോക്ടറുടെ തലയോട്ടി തകര്‍ത്ത സംഭവം- ഷിനു ശ്യാമളന്റെ കുറിപ്പ്

കൊല്‍ക്കത്തയിലെ ഒരു ഹോസ്പിറ്റലില്‍ 85 വയസ്സുള്ള ഒരു രോഗി മരണപ്പെട്ടതിന് പരിശീലനത്തിനെത്തിയ ജൂനിയര്‍ ഡോക്ടറെ ആക്രമണത്തിന് ഇരയാക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്. ഡോക്ടറുടെ തലയോട്ടിക്ക് മര്‍ദനത്തില്‍ മാരക ക്ഷതം ഏല്‍ക്കുകയും രാജ്യമൊട്ടുക്കെ പ്രതിഷേധം അലയടിക്കുകയുംചെയ്യുന്നു, ഈ സാഹചര്യത്തില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ് .

കുറിപ്പ് വായിക്കാം:അടിച്ചുടച്ച ഒരു തലയോട്ടിയാണിത്. ഒരു ഡോക്ടറുടെ തലയോട്ടി. ഗുരുതരാവസ്ഥയിലാണ് അദ്ദേഹം. 85 വയസ്സുള്ള രോഗി മരണമടഞ്ഞതിന് തുടര്‍ന്ന് ഒരു ഡോക്ടറെ തല്ലി ചതച്ചിരിക്കുന്നു. അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം. എല്ലാവരെയും രക്ഷിക്കുവാന്‍ സാധിച്ചെന്ന് വരില്ല. ശ്രമിക്കുകയെ നിവര്‍ത്തിയുള്ളൂ. അമാനുഷിക ശക്തിയൊന്നുമേയില്ല. ഡോക്ടര്‍മാര്‍ ദൈവമേയല്ല. വെറും മനുഷ്യരാണ്. സമൂഹം ഡോക്ടര്‍മാരെ മനുഷ്യരായി മാത്രം കാണുക. ജീവന്‍ രക്ഷിക്കുവാന്‍ അവര്‍ പരമാവധി ശ്രമിക്കും. ആര്‍ക്കും അറിഞ്ഞു കൊണ്ട് അപകടം ഒരു ഡോക്ടറും ചെയ്യുമെന്ന് കരുതുന്നില്ല.

ഒരു ഗ്രാമത്തിലെ തലവനായാലും ആരായാലും ജീവന്‍ ഒരുപോലെയാണ്. രക്ഷിക്കുവാന്‍ സാധിക്കുമെങ്കില്‍ അത് രക്ഷപ്പെടുത്തുവാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കും. പക്ഷെ ഒരു രോഗി മരണപ്പെട്ടു എന്നു പറഞ്ഞു ഒരു ആശുപത്രിയും ജീവനക്കാരെയും തല്ലി കൊല്ലുന്നത് അംഗീകരിക്കാനാകില്ല.ഡോ. Paribaha Mukherjee കൊല്‍ക്കത്തയിലുള്ള ആശുപത്രിയില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്നു പ്രതീക്ഷിക്കുന്നു. നാളെ ഇന്ത്യയൊന്നാകെ പ്രതിഷേധിക്കുകയാണ്. ആരെയും ബുദ്ധിമുട്ടിക്കാനല്ല, ജോലി കഴിഞ്ഞു ആരോഗ്യത്തോടെ ഞങ്ങള്‍ വരുന്നതും കാത്തു ഒരു കുടുംബം ഞങ്ങള്‍ക്കുമുണ്ടെന്ന് ഒരു ഓര്‍മ്മപ്പെടുത്തലാണ്.ഡോക്ടര്‍മാര്‍ക്ക് എതിരെ ഉപദ്രവം കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം ഒരു പ്രതിഷേധം ആവശ്യമാണ്. നിയമം കൈയ്യിലെടുക്കുവാന്‍ ആരെയും അനുവദിക്കരുത്.