‘മുസ്ലിംക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നിര്‍ബന്ധിത കുടുംബാസൂത്രണം നടത്തണം’; പ്രകോപന നിലപാടുമായി ശിവസേന

മുംബൈ: മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗക്കാരുടെ എണ്ണം വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ കുടുംബാസൂത്രണത്തിന് വിധേയരാകണമെന്ന ശിവസേന മുഖപത്രമായ ‘സാംന’യിലെ മുഖപ്രസംഗം വീണ്ടും വിവാദമായി. മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ലേഖനം പ്രസിദ്ധീകരിച്ചത് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമായി നിര്‍ബന്ധിത കുടുംബാസൂത്രണം നടത്തണമെന്ന പ്രകോപന നിലപാടുമായി ശിവസേന. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണയാവുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കുടുംബാസൂത്രണത്തിന് വിധേയരാകുന്നതോടെ കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്താനും വിദ്യാഭ്യാസം നല്‍കാനും മികച്ച ജീവതം നയിക്കാനും കഴിയുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

മുസ്ലീംങ്ങളുടെ ജനസംഖ്യ കുറച്ചുകൊണ്ടുവരുന്നതിന് ന്യൂനപക്ഷ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വന്ധ്യംകരിക്കണമെന്ന് ഹിന്ദുമഹാസഭ നേതാവായ സ്വാധി ദേവ താക്കൂര്‍ ആവശ്യപ്പെട്ടതിനെ പിന്തുണച്ചാണ് ശിവസേനയുടെ മുഖപ്രസംഗം. വോട്ടവകാശം റദ്ദാക്കണമെന്ന നിര്‍ദേശത്തിനൊപ്പം ഈ പ്രസ്താവനയും വിവാദമായിരുന്നു. കുടുംബാസൂത്രണം എന്ന ഉദ്ദേശത്തിലാണ് സ്വാധിയുടെ പ്രസംഗമെന്ന വിശകലനത്തോടെയാണ് കുറേക്കൂടി തീവ്രവും സ്പഷ്ടവുമായി ശിവസേന നിലപാട് വ്യക്തമാക്കിയത്.

Loading...

നിര്‍ബന്ധിത വന്ധ്യംകരണം എന്ന വാക്ക് സ്വാധി ഉപയോഗിച്ചതാണ് പ്രശ്‌നമായിരിക്കുന്നതെന്നും കുടുംബാസൂത്രണം എന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാകുമായിരുന്നുവെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. ഈ വിശദീകരണത്തിനൊപ്പവും കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്നതാണ് മുഖപ്രസംഗത്തിലെ വാചകങ്ങള്‍. ‘തെരുവു പട്ടികള്‍ക്കുപോലും നിര്‍ബന്ധിത വന്ധ്യംകരണം ഇവിടെ സാധ്യമല്ല, പ്രത്യേകിച്ച് മനേകാ ഗാന്ധി അവയ്ക്കായി നിലകൊള്ളുമ്പോള്‍. പക്ഷെ തെരുവു പട്ടികള്‍ പിന്നീട് മനുഷ്യരെ കടിക്കും’ എന്നാണ് പരിഹാസവും മുന്നറിയിപ്പും നല്‍കുന്ന മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടുള്ളത്.

കുടുംബാസൂത്രണം രാജ്യത്തിനും മുസ്ലീം കുടുംബത്തിന് നല്ലതാണ്. അതിലൂടെ കുട്ടികളെ നന്നായി വളര്‍ത്താനും മികച്ച വിദ്യാഭ്യാസം നല്‍കാനും അതുവഴി ജീവിത നിലവാരം ഉയര്‍ത്താനും സാധിക്കും. മുസ്ലീങ്ങള്‍ ദരിദ്രരായതുകൊണ്ടാണ് കൂടുതല്‍ കുട്ടികളുണ്ടാകുന്നതെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ പ്രസ്താവനയ്‌ക്കെതിരെയും ശിവസേന രംഗത്തെത്തി. വന്ധ്യം കരണത്തെ കുറിച്ച് സംസാരിച്ച് നമ്മള്‍ വെറുതെ സമയം കളയുകയാണ്. മുസ്ലീം നേതാക്കള്‍ ചുരുങ്ങിയപക്ഷം വര്‍ഗീയ ആശയങ്ങളെയെങ്കിലും വന്ധ്യംകരിക്കുകയാണ് വേണ്ടതെന്ന് ശിവസേന ആവശ്യപ്പെടുന്നു.