കൊവിഡ് കാലത്ത് പലരുടെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ജോലിയില്ലായതായതോടെ പലരുടെയും വരുമാനം മുട്ടി. ചെയ്തു കൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ടവർ അന്നന്നെ അന്നത്തിനായി എന്തു ജോലിയും തയ്യാറാണ്. കോറോണ കാലത്ത് വരുമാനം നിലച്ച ഒരു വിഭാഗമാണ് കലാകാരന്മാർ. സ്റ്റേജ് ഷോകൾ മുടങ്ങിയതോടെ കലാകാരന്മാരുടെ കാര്യം വളരെ കഷ്ടതയിലാണ്. ഇവിടെ മറ്റൊരു അതിജീവിതത്തിന്റെ കഥയാണ് ശ്രദ്ധേയമാകുന്നത്.
സ്റ്റേജ് ഷോകളും ഷൂട്ടിംഗും മുടങ്ങിയതോടെ പുതിയ ഉപജീവന മാർഗം കണ്ടെത്തിയിരിക്കുകയാണ് നടനും പ്രശസ്ത ഹാസ്യ കലാകാരനുമായ ശിവദാസ് മട്ടന്നൂർ. കഴിഞ്ഞ കുറച്ചു നാളായി ഇദ്ദേഹത്തിന്റെ വരുമാനമാർഗ്ഗം പച്ചക്കറി കച്ചവടമാണ്. കീഴല്ലൂർ പഞ്ചായത്ത് പരിധിയിലുള്ള വീടുകളിലും മറ്റുമായി വണ്ടിയിൽ പച്ചക്കറി എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ശിവദാസ് മട്ടന്നൂർ പച്ചക്കറി വ്യാപാരം നടത്തുന്നത്.
പുലർച്ചെ മൂന്ന് മണി മുതലാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നതെന്ന് ശിവദാസ് തന്നെ പറയുന്നു. മാർക്കറ്റിലെത്തി പച്ചക്കറി ശേഖരിച്ച ശേഷം വീടുകളിൽ എത്തിച്ച് നൽകും. നാടക കലാകാരൻ സതീഷ് കൊതേരിയും ശിവദാസനൊപ്പമുണ്ട്. രാവിലെ തുടങ്ങുന്ന കച്ചവടം വൈകീട്ട് ആറ് മണിവരെ തുടരും. കൊവിഡ് കാലത്തെ അതിജീവിക്കാനാകുമെന്ന നിശ്ചയദാർഡ്യമുണ്ട് ശിവദാസന്. കലാജീവിതം പഴയപോലെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയും ശിവദാസൻ പങ്കുവയ്ക്കുന്നു. വീട്ടുകാർക്കൊപ്പം നാട്ടുകാരും പിന്തുണച്ച് കൂടെയുണ്ട്. പച്ചക്കറി വ്യാപാരത്തിലൂടെ ലഭിക്കുന്ന തുകയിൽ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മാറ്റിവയ്ക്കുന്നുണ്ട്.