ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്യൽ: എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ മടങ്ങി

കൊച്ചി: ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ എൻഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു. അദ്ദേഹം ഓഫിസിൽനിന്ന് പുറത്തെത്തി കാറിൽ കയറി മടങ്ങുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾക്കും സ്വപ്നയുടെ മൊഴികൾക്കുമൊപ്പമാണ് ശിവശങ്കറിനെ എൻഐഎ മൂന്നാംവട്ടം ചോദ്യം ചെയ്തത്. ഇത് മൂന്നാം വട്ടമാണ് ശിവശങ്കറിനെ ചോദ്യംചെയ്‍തത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന. സ്വപ്ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ എൻഐഎ വീണ്ടെടുത്തിരുന്നു. ഇവയിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചോദ്യംചെയ്യൽ.

സ്വപ്ന, ശിവശങ്കറുമായി നടത്തിയ വാട്സാപ്, ടെലഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു. മുഖ്യപ്രതികൾ രണ്ടു പേരുടെയും ഫോണിലും ലാപ്ടോപിലുമുള്ള വിവരങ്ങൾ തിരിച്ചെടുത്തപ്പോൾ ലഭിച്ച തെളിവുകൾ നിരത്തിയായിരുന്നു എൻഐഎ ശിവശങ്കറിനെ ചോദ്യമുനയിൽ നിർത്തിയത്. ലാപ്പ് ടോപ്പും മൊബൈൽ ഫോണുകളും അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നായി രണ്ടായിരം ജിബിയോളം ഡാറ്റ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. നിർണായകമായ പല വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻഐഎ കസ്റ്റഡയിൽ വാങ്ങിയത്.

Loading...

അതേസമയം ശിവശങ്കറിന് എൻഐഎ ഇപ്പോഴും ക്ലീൻചിറ്റ് നൽകിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കേസിലെ ഒന്നാം പ്രതി സന്ദീപ് നായർക്കൊപ്പവും ശിവശങ്കറിനെ എൻഐഎയ്ക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച നടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. എൻഐഎ അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ 11 മണിക്കാണ് ശിവശങ്കർ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്. തൊട്ടുപിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായിരുന്നു എൻഐഎയുടെ നടപടികൾ.