ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചു;ചോദ്യം ചെയ്യല്‍ നാളെയും തുടരും

കൊച്ചി:ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ ശിവശങ്കറിനെ വിട്ടയച്ചു. ചോദ്യം ചെയ്യല്‍ നാളെയും തുടരും.സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് വിളിച്ചു വരുത്തി അന്വേഷണ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്.കേസില്‍ ഇത് വരെ അറസ്റ്റിലായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുമായി വ്യക്തിബന്ധം മാത്രമേ ഉള്ളൂ എന്നാണ് ശിവശങ്കരന്‍ എന്‍ഐഎ അന്വേഷണ സംഘത്തിന് മുന്നില്‍ ആവര്‍ത്തിച്ചത്. സ്വര്‍ണ്ണക്കടത്തോ അതുമായി ബന്ധപ്പെട്ട രാജ്യദ്രോഹ പ്രവര്‍ത്തനത്തിലോ താന്‍ ഭാഗമായിട്ടില്ല എന്നും ശിവശങ്കരന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വാദിച്ചു.

പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് പോലീസ് സംരക്ഷണയില്‍ ശിവശങ്കരന്‍ കൊച്ചിയില്‍ എത്തിയത് രാവിലെ ഒമ്പതരയോടെയാണ്. തുടര്‍ന്ന് വൈകീട്ട് 7 മണി വരെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ശിവശങ്കരനെ ചോദ്യം ചെയ്തു. ഒന്‍പത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ശിവശങ്കരന്‍ എന്‍ഐഎ ഓഫീസില്‍ നിന്നും നേരെ പോയത് കൊച്ചിയിലെ അഭിഭാഷകന്റെ അടുത്തേയ്ക്കാണ്. നാളെ രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കരന്‍ തന്റെ അഭിഭാഷകനെ കാണാന്‍ പോയത്. പക്ഷെ കൂടിക്കാഴ്ച നടത്താതെ ശിവശങ്കരന്‍ മടങ്ങി. ശിവശങ്കരന് കേസുമായി യാതൊരു ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍.

Loading...

സത്യം കണ്ടെത്താന്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കരന്‍ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പതിലധികം ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യാവലിയാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ശിവശങ്കറാണ് മുന്നില്‍ എന്‍ഐഎ നിരത്തിയത്. പിടിയിലായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ മൊഴികളും കണ്ടെത്തിയ ഡിജിറ്റല്‍ ഉള്‍പ്പടെയുള്ള തെളിവുകളും ശിവശങ്കരന് മുന്നില്‍ കൊച്ചിയിലെ എന്‍ഐഎ അന്വേഷണ സംഘം ചോദ്യങ്ങളായി നല്‍കി. ആദ്യ ദിവസം ശിവശങ്കരന്‍ നല്‍കിയ ഉത്തരങ്ങളില്‍ വ്യക്തത ഇല്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്.