സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ്. ഒക്ടോബര്‍ ഒന്‍പതിന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എം. ശിവശങ്കറുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് കോടതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് സമർപ്പിച്ചത്. ഇന്നലെയാണ് കൊച്ചിയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നു. എം. ശിവശങ്കറിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തിലുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. സ്വപ്‌നാ സുരേഷ് എട്ടുതവണ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശിവശങ്കറിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എൻഫോഴ്സ്മെൻറ് കുറ്റപത്രത്തിൽ പറയുന്നത്. സ്പേസ് പാർക്കിലെ തൻറെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെൻറിന് കൊടുത്ത മൊഴിയിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നപ്രഭാ സുരേഷ് പറഞ്ഞു. യുഎഇ കോൺസുൽ ജനറലിൻറെ സെക്രട്ടറി എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. അവിടെ നിന്ന് സ്പേസ് പാർക്കിൽ ജോലി കിട്ടി എത്തിയെന്ന വിവരം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി എട്ട് തവണ ശിവശങ്കറിനെ കണ്ടിരുന്നു. അനൗദ്യോഗികമായി നിരവധി തവണ അദ്ദേഹത്തെ കണ്ടുവെന്നും മൊഴിയിൽ സ്വപ്ന പറയുന്നു. അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്, ശിവശങ്കറിനെ കണ്ടതെന്നും സ്വപ്ന എൻഫോഴ്സ്മെൻറിന് നൽകിയ മൊഴിയിലുണ്ട്.