വാള്‍ തൊണ്ടിയാക്കാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു; പ്രതിയുടെ പരാതിയില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ. അടിപിടിക്കേസില്‍ പിടിച്ചെടുത്ത വാള്‍ രേഖകളില്‍ പെടുത്താതെ പ്രതിക്ക് ജാമ്യം നല്‍കിയ കരീലക്കുളങ്ങര സ്റ്റേഷനിലെ എസ്എച്ച്ഒ എം സുധിലാലിനെ സസ്‌പെന്‍ഡ് ചെയ്തു. വാള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടതോടെ പ്രതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഹരിപ്പാട് കുമാരപുരം സ്വദേശിയാണ് പ്രതി. വിജിലന്‍സ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ എസ്എച്ച്ഒയുടെ മുറിയില്‍ നിന്നും വാള്‍ പിടിച്ചെടുത്തിരുന്നു.

ഡിവൈഎസ്പി ഗിരീഷ് പി സാരഥിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. തുടര്‍ന്ന് വിജിലന്‍സിന്റെ ശുപാര്‍ശ പ്രകാരം സുധിലാലിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. രണ്ട് മാസം മുമ്പ് നങ്ങ്യാര്‍കുളങ്ങരയ്ക്ക് സമീപം തമിഴ്‌നാട് സ്വദേശികളുടെ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിച്ച സംഭവം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വാള്‍ പോലീസ് പിടിച്ചത്. ഇത് കേസില്‍ ഉള്‍പ്പെടുത്തി കോടതിയില്‍ ഹാജരാക്കിയാല്‍ പ്രതിക്ക് ജാമ്യം കിട്ടുവാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ വാള്‍ പിടിച്ചത് രേഖയില്‍ പെടുത്താതെ പ്രതിക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിടുകയായിരുന്നു.

Loading...

ഇതേ പ്രതിക്ക് മറ്റൊരു വധ ശ്രമത്തിനുള്ള കേസില്‍ വകുപ്പുകളില്‍ ഇളവ് വരുത്തി ജാമ്യം നല്‍കിയിരുന്നു. രണ്ട് കേസിലും എസ്എച്ച്ഒ പണം വാങ്ങിയെന്നും പോലീസിന്റെ കൈയിലുള്ള വാളിന്റെ പേരില്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പ്രതി വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.