നടയടയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി; നിരോധനാജ്ഞ പിന്‍വലിക്കും വരെ നിരാഹാരം തന്നെ ;നിലപാട് വ്യക്തമാക്കി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: നടയടയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നിരാഹാര സമരവുമായി മുന്‍പോട്ട് പോകുവാന്‍ ഉറച്ച് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു. 144 നിലനില്‍ക്കുന്നിടത്തോളം എന്തു വിലകൊടുത്തും ആചാരലംഘനത്തിന് മുഖ്യമന്ത്രി ശ്രമിക്കുമെന്നാണ് കഴിഞ്ഞദിവസത്തെ സംഭവ വികാസത്തില്‍ നിന്നും വ്യക്തമായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അയ്യപ്പന്റെ ആചാരങ്ങള്‍ നിലനിര്‍ത്തുകയെന്നത് തങ്ങള്‍ കൊടുത്തുള്ള വാക്കാണ്. അതിന്റെ ഭാഗമായാണ് അയ്യപ്പ കര്‍മ്മ സമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചിരിക്കുന്നത്. ഈ സര്‍ക്കാറിനു മുന്നില്‍ തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുംവരെ ഈ സമരം തുടരുമെന്നും ശോഭ സുരേന്ദന്‍ പറയുന്നു. ശബരിമലയില്‍ തിരക്കേറിയ സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് ‘ ഈ മുഖ്യമന്ത്രിയെ ഒരു കാരണവശാലും വിശ്വാസത്തിലെടുക്കാന്‍ സാധ്യമില്ല. 144 നിലനില്‍ക്കുന്നിടത്തോളം കാലം എന്ത് വിലകൊടുത്തും ആചാരലംഘനത്തിന് മുഖ്യമന്ത്രി ശ്രമിക്കുമെന്നാണ് കഴിഞ്ഞദിവസത്തെ സംഭവങ്ങളില്‍ നിന്ന് വ്യക്തമായത്’ എന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.