മുംബൈ വിമാനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്

മുംബൈ: മുംബൈയില്‍ വിമാനം തകര്‍ന്ന് വീണത് ലാന്‍ഡ് ചെയ്യാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20ന് ടേക്ക് ഓഫ് ചെയ്ത വിമാനം 1.11നാണ് ഘട്‌കോപാരില്‍ തകര്‍ന്നു വീണത്. മുന്ന് മിനിറ്റ് കൂടി പറന്നിരുന്നെങ്കില്‍ വിമാനം ജൂഹു എയറോഡ്രോമില്‍ ലാന്‍ഡ് ചെയ്യുമായിരുന്നു. തകര്‍ന്ന് വീഴുന്നത് വരെ വിമാനം മുംബൈ എ.ടി.എസുമായി ബന്ധപ്പെട്ടിരുന്നു. വിമാനത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഘട്‌കോപാരിലെ കെട്ടിട നിര്‍മ്മാണ സൈറ്റിലേക്കാണ് വിമാനം തകര്‍ന്നു വീണത്. കെട്ടിട നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍ക്ക് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. തൊട്ടുപിന്നാലെ തീ പടര്‍ന്നു. അപടകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനം തകര്‍ന്ന് വീണതിന്റെ എതിര്‍ വശത്തെ കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. വന്‍ സ്‌ഫോടന ശബ്ദത്തോടെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പൈലറ്റ് ക്യാപ്റ്റന്‍ പ്രദീപ് രാജ്പുത്, സഹപൈലറ്റ് ക്യാപ്റ്റന്‍ മരിയ, എഞ്ചിനീയര്‍ സുരഭി എന്നിവരും ഒരു ടെക്‌നീഷ്യനും ഒരു വഴി യാത്രക്കാരനുമാണ് മരിച്ചത്. മുംബൈയിലെ യു.വൈ ഏവിയേഷന്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം.

Top