വിവാഹമോചനവുമായി നടി ശ്വേത ബസു

ഭര്‍ത്താവ് രോഹിത് മിത്താലുമായി വേര്‍പിരിയല്‍ പ്രഖ്യാപിച്ച്‌ നടി ശ്വേത ബസു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വിവാഹിതരായ ഇരുവരും ആദ്യ വിവാഹവാര്‍ഷികം ആഘോഷിക്കുമ്ബോഴാണ് വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്വേത തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഈ വിവരം അറിയിച്ചത്.

രോഹിത്തും താനും വേര്‍പിരിയാന്‍ തീരുമാനിച്ചെന്നും രണ്ടുപേരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച്‌ ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ശ്വേത പറയുന്നു. പകരംവയ്ക്കാനില്ലാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചതിനും തന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നതിനും രോഹിത്തിനോട് നന്ദിപറഞ്ഞ ശ്വേത അദ്ദേഹത്തിന് തുടര്‍ന്നുള്ള ജീവിതത്തിന് ആശംസകളും നേര്‍ന്നു.

Loading...

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 13നായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പൂനെയിലായിരുന്നു ചടങ്ങുകള്‍. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്.

മിനിസ്‌ക്രീനില്‍ ബാലതാരമായി അഭിനയം തുടങ്ങിയ ശ്വേത പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചു. ബദരീനാഥ് കീ ദുല്‍ഹനിയ എന്ന ചിത്രത്തില്‍ വരുണ്‍ ദവാന്റെ സഹോദരിയുടെ വേഷത്തിലാണ് ശ്വേത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

രണ്ട് വര്‍ഷം മുന്‍പ് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്നായിരുന്നു നടി അന്ന് പറഞ്ഞത്. ഇതും വലിയ രീതിയില്‍ ചര്‍ച്ചയായി. വിവാദങ്ങളില്‍ കുടുങ്ങിയതോടെ കരിയര്‍ ബ്രേക്ക് ആയെങ്കിലും മിനിസ്‌ക്രീനിലൂടെ നടി തിരിച്ച് വരവ് നടത്തിയിരുന്നു.

മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ആളാണ് ശ്വേത ബസു. കോത ബങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത ശ്രദ്ധിക്കപ്പെടുന്നത്. ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ ഈ സിനിമ റീമേക്ക് ചെയ്ത് മലയാളത്തിലേക്കും എത്തിച്ചിരുന്നു. ഇതോടെയാണ് കേരളത്തിലും ശ്വേതയ്ക്ക് ആരാധകരെ ലഭിച്ചത്.