കൊച്ചി: സംഗീത സംവിധായകൻ സിദ്ധാർത്ഥ് വിജയൻ അന്തരിച്ചു. 65 വയസ്സായിരുന്നു. കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകി ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സിദ്ധാർത്ഥ് വിജയൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. ഒരാഴ്ചയായി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം വൈകുന്നേരം മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും.
വൈപ്പിന്‍ നെടുങ്ങാട് മണിയന്തുരുത്തില് ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. ആദ്യം നെടുങ്ങാട് വിജയന് എന്നറിയപ്പെട്ടിരുന്ന വിജയനെ നടന് തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന് പുനര്‍ നാമകരണം ചെയ്തത്.
മൂന്ന് മലയാള സിനിമകൾക്കും നിരവധി തമിഴ് മലയാളം റീമേക്കുകൾക്കും കാസറ്റുകൾക്കും വിജയൻ ഈണം പകർന്നിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ അത്തപ്പൂക്കളമാണ് ആദ്യ ആൽബം. മണിയുടെ 45 ആൽബങ്ങൾക്കായി സിദ്ധാർത്ഥ് വിജയൻ അഞ്ഞൂറോളം പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് മാഗ്നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സിബിഎസ് എന്നിവയ്ക്കായും ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട്. 1999ൽ സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആൽബത്തിനുവേണ്ടിയാണ് കലാഭവൻ മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. ‘മകരപ്പുലരി’യാണ് അവസാന കാസറ്റ്.