സിദ്ദു മൂസൈവാലയുടെ കൊലപാതകം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

പഞ്ചാബ്: പഞ്ചാബിലെ കോൺഗ്രസ് നേതാവും പോപ്പ് ഗായകനുമായ സിദ്ദു മൂസൈവാലയുടെ മരണത്തിൽ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് സ്വദേശി മൻപ്രീത് സിംഗിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ മാൻസ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണ്. മൻപ്രീത് സിംഗിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾ ഉൾപ്പെടെ 6 പേരെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മയക്കുമരുന്ന് കച്ചവടക്കാരനായ മൻപ്രീത് സിംഗ് നേരത്തെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും സഹായത്തോടെയ ഡെറാഡൂണിൽ നിന്നാണ് പ‌ഞ്ചാബ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ മുസൈവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മൂസൈവാലയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യും. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലാണ് ലോറൻസ് ബിഷ്ണോയ്. ലോറൻസുമായി അടുത്ത ബന്ധം പുലർത്തുന്ന ഗോൾഡി ബ്രാർ സംഘം നേരത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കാനഡ കേന്ദ്രീകരിച്ചാണ് ബ്രാറിന്റെ പ്രവർത്തനം.

Loading...