കേരളാ തീരത്ത് സിഗ്നല്‍ നല്‍കുന്ന മത്സ്യത്തെ കണ്ടെത്തി

തിരുവനന്തപുരം: കേരള കടല്‍ത്തീരത്ത് നിന്നും പുതിയ മത്സ്യം കണ്ടെത്തി. ലക്ഷദ്വീപ് കടലില്‍ നിന്നാണ് സാധാരണയായി കണ്ടുവരാത്ത തരത്തിലുള്ള മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ശാസ്ത്രഞ്ജരും സമുദ്ര ശാസ്ത്ര നിരീക്ഷകരും പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു.

പ്റ്റെറോപ്സാരോണ്‍ ഇന്‍ഡിക്കം എന്നാണ് വ്യത്യസ്തമായ നിറവും ശരീര ഘടനയുമുള്ള മത്സ്യത്തിന് പേരിട്ടിരിക്കുന്നത്. കടലിന് 70 മീറ്റര്‍ ആഴത്തില്‍ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ശരീരത്തിലുള്ള ചിറകുകള്‍ അടക്കുകയും തുറക്കുകയും ചെയ്തുകൊണ്ട് ഇതേ ഇനത്തില്‍ പെട്ട മത്സ്യങ്ങളുമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതാണ് ഈ മത്സ്യത്തിന്റെ പ്രത്യേകത.

Loading...

സിഗ്‌നല്‍ പുറപ്പെടുവിക്കുന്നതാണ് മത്സ്യത്തിന്റെ ചിറകുകള്‍. പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ സമുദ്ര ശാസ്ത്ര ജേണലുകളില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് കേരള യൂണിവേഴ്സിറ്റി ഫിഷറി വിഭാഗം മേധാവി എ.ബിജുകുമാര്‍ പറഞ്ഞു.

മഞ്ഞയും പിങ്കും കലര്‍ന്നതാണ് മത്സ്യത്തിന്റെ നിറം.മഞ്ഞനിറത്തിലുള്ള ബാന്‍ഡുകളും ശരീരത്തിലുണ്ട്. പുറത്തേക്ക് കൂര്‍ത്തു നില്‍ക്കുന്ന തരത്തിലുള്ള ചിറകുകളും മത്സ്യത്തിനുണ്ട്. സിഗ്‌നല്‍ ഫിഷുകള്‍ വലുപ്പത്തില്‍ ചെറിയവയാണ്. സിഗ്‌നല്‍ ഫിഷുകളില്‍ ഏറ്റവും വലിയവയാണ് പ്റ്റെറോപ്സാരോണ്‍ ഇന്‍ഡിക്കം എന്ന് ശാസ്ത്രഞ്ജര്‍ പറഞ്ഞു.

ശേഖരിച്ച മത്സ്യത്തിന് 84 മില്ലിമീറ്റര്‍ ആണ് നീളമുണ്ടായിരുന്നത്. ഇത്തരം മത്സ്യങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ കുറവാണെന്നും അധികൃതര്‍ പറയുന്നു.

നേരത്തെ , ഭൗമോപരിതലത്തിനടിയില്‍ ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ ജീവിക്കുന്ന അപൂര്‍വയിനം വരാല്‍ മത്സ്യത്തെ ആദ്യമായി കേരളത്തില്‍ കണ്ടെത്തിയിരുന്നു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ.രാജീവ് രാഘവന്‍ ഉള്‍പ്പെട്ട പഠന സംഘമാണ് ഗൂഡമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്നേക്ക്ഹെഡ് (വരാല്‍) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. മത്സ്യത്തിന് 9.2 സെന്റി മീറ്റര്‍ നീളമുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള നെല്‍വയലില്‍ നിന്നാണ് സംഘം പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്.

ഗോലം സ്നേക്ക്ഹെഡ് എന്നാണ് പുതിയ മത്സ്യഇനത്തിന് ഇംഗ്ലീഷില്‍ പേരു നല്‍കിയിരിക്കുന്നത്. അനിക്മാചന ഗോലം എന്നതാണ് രാസനാമം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗര്‍ഭ ജലഅറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യതയെന്ന് ഗവേഷകന്‍ ഡോ.രാജീവ് രാഘവന്‍ പറഞ്ഞു.

കേരളത്തില്‍ പൊതുവേ കാണപ്പെടുന്ന വരാല്‍ ഇനങ്ങള്‍ ഉള്‍പ്പെടെ സ്നേക്ക്ഹെഡ് വര്‍ഗ്ഗത്തില്‍ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണ് ലോകത്താകമാനം കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതു കൊണ്ടു തന്നെ വെള്ളമില്ലാത്ത അവസ്ഥയില്‍ കരയില്‍ ആഴ്ചകളോളം ജീവിക്കാന്‍ വരാല്‍ മത്സ്യങ്ങള്‍ക്ക് കഴിയും.

കുളങ്ങളും വയലുകളിലെ നീര്‍ച്ചാലുകളും ഉള്‍പ്പെടുന്ന ഉപരിതല ജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകളും ഭൂഗര്‍ഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍ നിന്ന് ശ്വസിക്കാനുള്ള കഴിവില്ലെന്നും ഗവേഷക സംഘം പറഞ്ഞു.