സിലി മരിച്ച ദിവസം കഴിച്ചത് ജോളിയുടെ വീട്ടിലെ ഭക്ഷണം! മകന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ

സിലി സെബാസ്റ്റ്യനെ ഇല്ലാതാക്കാന്‍ ജോളി ഏറ്റവുമൊടുവില്‍ സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കിയത് താമരശേരിയിലെ വിവാഹസത്ക്കാരത്തിനിടെ ആയിരുന്നില്ല. ജോളിയുടെ സ്വന്തം വീട്ടിലെ ഭക്ഷണമായിരുന്നു നല്‍കിയത്.

അവര്‍ അന്ന് സംബന്ധിച്ച വിവാഹ സത്ക്കാരത്തിന്റെ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി എന്ന ജോളിയുടെ മൊഴി കളവാണെന്നും ഹാളില്‍നിന്നല്ല മറിച്ച് ജോളിയുടെ വീട്ടില്‍നിന്നുതന്നെയാണ് അമ്മ ഏറ്റവുമൊടുവില്‍ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകന്‍ പൊലിസിനോടു വെളിപ്പെടുത്തി. മുന്‍പ് രണ്ട് തവണ പരാജയപ്പെട്ട ഉദ്യമം വിജയിപ്പിക്കാന്‍ ജോളി സിലിക്ക് അവസാനദിവസം മൂന്നുതവണ സയനൈഡ് നല്‍കിയതായി പോലീസ് കണ്ടെത്തി.
പത്താംക്ളാസുകാരനായ സിലിയുടെ ഏകമകന്‍ നല്‍കിയ മൊഴി കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്. സിലിയുടെ ഇളയമകള്‍ ആല്‍ഫൈനെ് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി ജോളി കൊലപ്പെടുത്തിയത് 2014 മേയ് ഒന്നിനായിരുന്നു. 2016 ജനുവരി 11-ന് പൊന്നാമറ്റത്തില്‍ കുടുംബത്തിലെ ബന്ധുവിന്റെ വിവാഹ സത്ക്കാരം താമരശേരിയില്‍ നടന്ന ദിവസം ജോളിയുടെ വീട്ടില്‍വച്ച് ഒരുതവണയും പിന്നീട് താമരശേരിയിലെ ദന്താശുപത്രിയില്‍ വച്ച് രണ്ടുതവണയും സിലിയ്ക്ക് ജോളി സയനൈഡ് നല്‍കിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

Loading...

മകന്‍ പോലീസിനു നല്‍കിയ മൊഴി: കൂടത്തായിയില്‍ നിന്ന് മക്കള്‍ക്കൊപ്പം ജോളി കാര്‍ ഡ്രൈവ് ചെയത് പുലിക്കയത്തെ വീട്ടിലെത്തിയാണ് സിലിയേയും തന്നേയും താമരശേരിയിലേക്ക് കൊണ്ടുപോയത്. അധ്യാപകനായ എന്റെ പിതാവ് ഷാജു സക്കറിയാസ് ഉച്ചയ്ക്ക് സ്‌കൂളില്‍നിന്ന് സ്‌കൂട്ടറില്‍ നേരെ താമരശേരിയിലെത്തുമെന്ന് പറഞ്ഞിരുന്നു.

പിതാവ് ഷാജുവിന് സ്‌കൂളില്‍ പോകേണ്ടതിനാല്‍ ജോളിയുടെ കാറില്‍ വിവാഹത്തിനുപോയാല്‍ മതിയെന്ന് അമ്മ സിലിയോട് പിതാവ് പറഞ്ഞിരുന്നു. ഇതനുസരിച്ച് ജോളിയുടെ കാറില്‍ ഞാനും അമ്മയും കയറി. ജോളിയുടെ മകനും കാറിലുണ്ടായിരുന്നു. താമരശേരിയിലെത്തി ദേവാലയത്തിനു മുന്നില്‍ കാര്‍ നിര്‍ത്താതെ താമരശേരിയിലെ ഡോ. അലക്സ് കോരയുടെ ദന്താശുപത്രിക്കുമുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു.

ജോളിക്ക് ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്ന് അത്യാവശ്യമായി കൂടത്തായിയിലെ വീട്ടിലെത്തണമെന്നു പറഞ്ഞ ജോളി സിലിയേയും ഞങ്ങളേയും ഒപ്പം കൂട്ടി. വീട്ടിലേക്ക് തിടുക്കത്തില്‍ കയറിപ്പോയ ജോളി പ്ളേറ്റില്‍ ഫ്രൈഡ് റൈസ് കൊണ്ടുവന്ന് സിലിയ്ക്ക് നല്‍കി. അമ്മ ഇറച്ചി കഴിക്കാറില്ല. വിവാഹസത്കാരത്തിനു പോയാലും നീ ഇറച്ചി കഴിക്കില്ലല്ലോ അതിനാല്‍ ഇത് കഴിച്ചോളൂ എന്നുപറഞ്ഞാണ് ഫ്രൈഡ് റൈസ് അമ്മയ്ക്ക് കൊടുത്തത് . എന്നെയും കഴിക്കാന്‍ ക്ഷണിച്ചെങ്കിലും ഉടനെ വിവാഹസത്ക്കാരത്തിനു കഴിക്കാനുള്ളതല്ലേ എന്നുപറഞ്ഞ് കഴിച്ചില്ല. ഈ സമയം ജോളി അടുക്കളയില്‍നിന്ന് വെള്ളം കുപ്പിയിലാക്കി വാനിറ്റിബാഗില്‍ വച്ചു. വീണ്ടും കാറില്‍ താമരശേരിയിലെത്തി ഞങ്ങള്‍ കുട്ടികളെ ഹാളിനുമുന്നില്‍ ഇറക്കി വീണ്ടും കാര്‍ തൊട്ടടുത്ത ദന്താശുപത്രിയ്ക്കുമുന്നില്‍ പാര്‍ക്കുചെയ്തു.

ജോളിയും അമ്മയും ഹാളിലേക്ക് പോയില്ല. ഇതിനിടെ പിതാവ് ഷാജു സ്‌കൂട്ടറില്‍ താമരശേരിയിലെത്തി ഹാളില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം ഞങ്ങള്‍ക്കൊപ്പം തൊട്ടടുത്ത ദന്താശുപത്രിക്കുമുന്നിലെത്തി. ആസമയം ജോളിയും സിലിയും കാറിലിരിക്കുകയായിരുന്നു. ഷാജു, സിലി, എന്നിവര്‍ക്കൊപ്പം ജോളി ആശുപത്രിയിലേക്ക് കയറിയപ്പോള്‍ മക്കള്‍ കാറിലിരുന്നാല്‍ മതി എന്നുപറഞ്ഞ് ജോളി താക്കോല്‍ തന്നു. വീഡിയോ ഗെയിം കളിയ്ക്കാനായി ജോളിയുടെ ഒരു ഫോണും തന്നു. ഗെയിം കളിച്ചുമടുത്തപ്പോള്‍ ഞാനും ജോളിയുടെ ഇളയമകനും ആശുപത്രിയിലേക്ക് കയറിചെന്നു. നിങ്ങള്‍ക്ക് ദാഹിക്കുന്നില്ലേ ഐസ്‌ക്രീം കഴിച്ചോളു എന്നുപറഞ്ഞ് ജോളി കുറച്ചുപണം തന്നു.ഐസ്‌ക്രീം കഴിച്ച് തിരികെയെത്തിയപ്പോള്‍ അമ്മ ജോളിയുടെ മടിയില്‍ കുഴഞ്ഞുകിടക്കുന്നതാണ് ഞാന്‍ കണ്ടത്.

വായില്‍നിന്ന് നുരയും പതയും വന്നത് അപസ്മാരരോഗമാണെന്നു പറഞ്ഞ് ജോളി ഒരുഗുളിക അമ്മയുടെ വായിലേക്ക് ഇട്ടുകൊടുത്തു. തുടര്‍ന്ന് വാനിറ്റി ബാഗിലെ ചെറിയകുപ്പിയില്‍ കരുതിയിരുന്ന വെള്ളം വായിലേക്ക് ഒഴിച്ചുകൊടുത്തു. വിവരമറിഞ്ഞ് വിവാഹ ഹാളില്‍ നിന്ന് ഓടിയെത്തിയ അമ്മാവന്‍ സിജോ തൊട്ടുത്ത താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് അമ്മയെ കൊണ്ടുപോകാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ പിതാവ് ഷാജുവും ജോളിയും എതിര്‍ത്തു. ഓമശേരി ആശുപത്രിയിലാണ് കുടുംബത്തിലെ എല്ലാവരേയും ചികിത്സിക്കുന്നതെന്നു പറഞ്ഞ് ഷാജുവും ജോളിയും മുന്‍കൈയെടുത്താണ് സിലിയെ അകലെയുള്ള ഓമശേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. എളുപ്പമുള്ള കൂടത്തായി റോഡ് ഒഴിവാക്കി കൊടുവള്ളി-മാനിപുരം റോഡിലൂടെയാണ് ജോളി കാറോടിച്ചത്.

ഭക്ഷണത്തിലും അപസ്മാര രോഗത്തിനെന്ന പേരില്‍ നല്‍കിയ ഗുളികയിലും കുടിയ്ക്കാന്‍ നല്‍കിയ കുപ്പിവെള്ളത്തിലും സയനൈഡ് കലര്‍ത്തിയതായി ജോളി മൊഴി നല്‍കിയിരുന്നു. സിലിയെ അപായപ്പെടുത്താന്‍ നേരത്തെ രണ്ടുതവണ ശ്രമിച്ചതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഒരു തവണ വയറിനു സുഖമില്ലെന്നു പറഞ്ഞ് സിലി ഭക്ഷണം കഴിച്ചില്ല. അടുത്ത തവണ ഇതേവിധത്തില്‍ ഭക്ഷണം നല്‍കിയപ്പോള്‍ സിലി കുഴഞ്ഞുവീണ് വായില്‍നിന്ന് നുരയും പതയും വന്നു. അത് അപസ്മാര രോഗലക്ഷണമാണെന്ന് താനും ഷാജുവും പറഞ്ഞത് ബന്ധുക്കള്‍ വിശ്വസിച്ചതായും ഓമശേരി ആശുപത്രിയിലെ മെഡിക്കല്‍ രേഖകളില്‍ ഇത് രേഖപ്പെടുത്തിയതായും ജോളി മൊഴി നല്‍കിയിരുന്നു.