പാപമോചനാധികാരം ബിഷപ്പുമാർക്കും വൈദികർക്കും ഉണ്ടോ?

മെത്രാന്മാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും  പാപമോചനാധികാരത്തെയുംവൈദികകുമ്പസാരത്തെയും പിന്താങ്ങാനും ആ അധികാരങ്ങൾ ഉണ്ടെന്നു സ്ഥാപിച്ച് സ്വയം ന്യായീകരിക്കാനും അറിവില്ലാത്ത വിശ്വാസികളെ കൂടുതൽ ഇരുട്ടിലേക്ക് തള്ളാനുമായി എടുത്തു പ്രയോഗിക്കുന്ന രണ്ടു ബൈബിൾ വചനങ്ങൾ ഉണ്ട്.

അവ ഇവയാണ്.

Loading...

(1) മത്തായി: 16-19= ( യേശു പത്രോസിനോടു പറഞ്ഞു)” സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും.”സഭയുടെ തുടക്കക്കാലത്ത് യേശുക്രിസ്തു നേരിട്ട് പത്രോസിനു നൽകിയ (വചനത്തിൽ പറഞ്ഞിരിക്കുന്ന) ഈ അധികാരം ഇപ്പോഴത്തെ പുരോഹിതവർഗ്ഗത്തിന് അവകാശപ്പെടാൻ പറ്റുമോ?തീർച്ചയായും ഇല്ല.കാരണം ഇതിൽ പറഞ്ഞിരിക്കുന്ന അധികാരം പത്രോസിന് മാത്രമായി അന്നവിടെ വെച്ചു നല്കപ്പെട്ടതാണെന്ന് വചനത്തിൽ നിന്നുതന്നെ വ്യക്തമാണ്.അതിനാൽ തങ്ങൾക്ക് ഇല്ലാത്ത ആ അധികാരം ഇപ്പോഴത്തെ ബിഷപ്പുമാരും വൈദികരും അവകാശപ്പെടുന്നത് ഭോഷ്‌ക്കും ജനവഞ്ചനയും ആകുന്നു.അതിനാലാണ് അവർ കൈവച്ചു പ്രാർത്ഥിച്ചാൽ ഒരു രോഗവും മാറാത്തതും ഒരു ഭൂതവും പുറത്തു പോകാത്തതും. പിന്നല്ലേ പാപമോചനത്തെപ്പറ്റി പറയേണ്ടൂ. written by ഗീവർഗീസ് ഇടിച്ചെറിയ

ഇവിടെ പറയുന്ന സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ എന്നതിനെപ്പറ്റികൂടി ചുരുക്കി എഴുതാം.
(അതും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന സഭകൾ ഉണ്ടല്ലോ.)സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ പത്രോസിനു കൊടുത്തു എന്നു പറയുന്നതിന്റെ അർത്ഥം ദൈവരാജ്യസുവിശേഷം പ്രഖ്യാപിക്കുന്ന അധികാരം പത്രോസിനാണ് നല്കപ്പെട്ടിരുന്നത് എന്നാണ്.അതു പ്രകാരം യേശുക്രിസ്തുവിന്റെ മരണപുനരുത്ഥാനശേഷം ആദ്യമായി ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷഘോഷണം നടത്തി സകല മനുഷ്യർക്കുമായി പത്രോസ് സ്വർഗ്ഗരാജ്യം തുറന്നു കൊടുക്കുകയും ചെയ്തു.താഴെപ്പറയുന്ന വചനഭാഗങ്ങൾ അതേപ്പറ്റി വിവരിക്കുന്നുണ്ട്.അപ്പസ്തൊലപ്രവൃത്തികൾ രണ്ടാം അദ്ധ്യായത്തിൽ സ്വർഗ്ഗരാജ്യം യഹൂദർക്കു തുറന്നു കൊടുക്കുന്ന ഭാഗവും അപ്പസ്തൊലപ്രവൃത്തികൾ പത്താം അദ്ധ്യായത്തിൽ സ്വർഗ്ഗരാജ്യം വിജാതീയർക്കു തുറന്നു കൊടുക്കുന്ന ഭാഗവും വായിച്ചു നോക്കിയാൽ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ എന്താണെന്നു വ്യക്തമാകും.

ചില സഭകൾ പഠിപ്പിക്കുന്നതു പോലെ പത്രോസിന്റെ കൈയിൽ ഇപ്പോൾ ദൈവരാജ്യത്തിന്റെ താക്കോൽ ഇരിപ്പില്ല.ദൈവരാജ്യത്തിന്റെ വാതിൽ ഇപ്പോൾ തുറന്നു കിടക്കുകയാണ്. പത്രോസ് യേശുക്രിസ്തുവിൽ നിന്നു തനിക്കു കിട്ടിയ താക്കോൽ (അധികാരം) ഉപയോഗിച്ച് അത് എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. അവിടെ ചെല്ലാനുള്ള അവകാശം എല്ലാ മനുഷ്യർക്കും നല്കപ്പെട്ടിരിക്കുന്നു.

(2) ഇനിയും യോഹന്നാൻ: 20-22 ൽ പറയുന്നത് എന്തെന്ന് നോക്കാം.

യോഹന്നാൻ: 20-22 =ഇതു പറഞ്ഞുകൊണ്ട് യേശുക്രിസ്തു അവരുടെ മേൽ ഊതി. ” പരിശുദ്ധാത്മാവിനെ സ്വീകരിക്കുക.നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവ ക്ഷമിക്കപ്പെട്ടിരിക്കും നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു. ഈ ബൈബിൾവചനങ്ങളിൽ പറയുന്നത് എന്താണ്?യേശുക്രിസ്തു തെരഞ്ഞെടുത്തു പഠിപ്പിച്ചെടുത്ത അപ്പസ്തൊലർക്ക് നൽകിയ പ്രത്യേക അധികാരമുള്ള വരമായിരിന്നു അവിടെ അവർക്കു നല്കപ്പെട്ടത് എന്നതാണ് ഈ വചനങ്ങളുടെ അർത്ഥമായി മനസിലാക്കേണ്ടത്.സഭയുടെ തുടക്കക്കാലത്ത് അവരെ ബലപ്പെടുത്താൻ അതാവശ്യവുമായിരുന്നു.

ഇപ്പോഴത്തെ ബിഷപ്പുമാരും വൈദികരും മെത്രാന്മാരും ഒന്നും യേശുക്രിസ്തു നേരിട്ടു തെരഞ്ഞെടുത്ത അപ്പസ്തൊലർ അല്ല എന്നു തന്നെയല്ല, അവർ അപ്പസ്തൊലർ എന്ന സഭാവിഭാഗത്തിലും വരുന്നില്ല.
(അവരെ തെരെഞ്ഞെടുക്കുന്നത് മനുഷ്യർ ആണല്ലോ. )പൗലോസിന്റെ ലേഖനത്തിൽ പറയുന്നതു പോലെ അവർ സഭയെ നയിക്കുന്ന ഇടയന്മാരും ശുശ്രൂഷകരും മാത്രമാണ്.യേശുക്രിസ്തുവിനു പിതാവിൽ നിന്നു ലഭിച്ച പാപമോചനാധികാരം (മനുഷ്യർ തെരഞ്ഞെടുക്കുന്ന) മെത്രാന്മാരും വൈദികരും നടത്തുന്ന അന്യോന്യ കൈവെപ്പിലൂടെ പകർന്നു കിട്ടുന്ന വരമോ അധികാരമോ അല്ല.

ഇന്നത്തെ സഭയിൽ (പൗലോസിനെപ്പോലെ) യേശുക്രിസ്തു നേരിട്ടു തെരഞ്ഞെടുത്തു വിളിച്ചു സുവിശേഷവേലക്ക് നിയോഗിക്കപ്പെടുന്നവർ ഉണ്ടെങ്കിൽ അവർക്കൊഴികെ മറ്റാർക്കും ആ അധികാരം ലഭിക്കുകയുമില്ല.പൗലോസിന്റെ ലേഖനങ്ങൾ വായിച്ചാൽ (1 കൊരിന്ത്യർ 12 വായിക്കുക) സഭയിലെ അംഗങ്ങൾക്കുള്ള ഒമ്പതു വരങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാൻ സാധിക്കും.
ആ വരങ്ങളിൽ പാപമോചനത്തിനുള്ള അധികാരമുള്ള വരം ഉൾപ്പെട്ടിട്ടില്ല. സഭയിൽ മറ്റാർക്കും അതുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുമില്ല. അതിനർത്ഥം സഭയിൽ ഇപ്പോഴുള്ള ആർക്കും അവർ അവകാശപ്പെടുന്നതു പോലെ പാപമോചനാധികാരം ഇല്ലെന്നു തന്നെയാണ്.

അതിനാൽ പാപമോചനത്തിനുള്ള അധികാരം യേശുക്രിസ്തുവിനു മാത്രമുള്ളതാണ്. അതു മനസിലാക്കി ഭോഷ്‌ക്ക് എന്തെന്നു തിരിച്ചറിഞ്ഞാൽ ക്രിസ്തീയവിശ്വാസികൾക്കു തെറ്റായ ആചാരങ്ങളിൽ നിന്നും പുറത്തു കടക്കാനും എളുപ്പമാകും.