അടുത്ത ബർത്തിഡേക്ക് അദ്ദേഹം തരുന്ന സർപ്രൈസ് കണ്ടുപിടിച്ചു- സിന്ധു ജോയി

മെയ് 27 ന് വെള്ളിയാഴ്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഇംഗ്ലണ്ടിൽ ബിസിനിസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബാണ് വരൻ.  എല്ലാവരും പറയും എനിക്ക് വിവാഹമാണെന്ന കൂസലൊന്നുമില്ലെന്ന്. പക്ഷെ ഞാൻ എക്സൈറ്റഡാണ്. പിന്നെ അടുത്ത് പരിചയമുള്ളയാളെ ആണല്ലോ വിവാഹം കഴിക്കുന്നതെന്ന സന്തോഷമുണ്ട്. ഒരുക്കങ്ങളൊക്കെ അവസാനഘട്ടത്തിലാണ്. മെയ് എട്ടിന് വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസമേ വിവാഹാത്തിനു കിട്ടിയുള്ളൂ. അതുകൊണ്ട് ബന്ധുക്കളെല്ലാം ചേർന്ന് ഒരുക്കങ്ങൾ ഭംഗിയാക്കി.  രാജശ്രീ സത്യപാലുമായാണ്‌ മനോരമയിലാണ്‌ സിന്ധു വിവാഹത്തേകുറിച്ച് നടത്തിയ ഒരുക്കങ്ങൾ എല്ലാം തുറന്ന് സംസാരിക്കുന്നത്

പഴയ എസ്എഫ്ഐ നേതാക്കളെല്ലാം ചടങ്ങിനെത്തും. മുഖ്യമന്ത്രിയെ വിളിച്ച് അനുഗ്രഹം തേടണം. നിയമസഭ നടക്കുന്നതിനാൽ എല്ലാവരേയും കിട്ടാൻ പ്രയാസമാണ്. എല്ലാ പാർട്ടി നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്.
ഞങ്ങൾ രണ്ടുപേരും വിവാഹത്തിനായി കരുതി വച്ചിരുന്ന തുക കൊച്ചിയിൽ തെരുവിൽ കഴിയുന്ന നൂറ് പേർക്ക് വിവാഹദിവസം ഭക്ഷണം നൽകുന്നതിനായി ചെലവഴിക്കും.

Loading...

വിവാഹശേഷം ലണ്ടനിലേക്ക് പോകും. ശരിക്കും കേരളം വിട്ടു പോകാൻ പോലും ആഗ്രഹിക്കാത്ത ആളായിരുന്നു ഞാൻ. പക്ഷെ ജീവിതത്തിൽ കുറെ അ‍ഡ്ജസ്റ്റ്മെന്റൊക്കെ വേണമല്ലോ. ഇപ്പോൾ തന്നെ കുറച്ച് ലേറ്റ് മാരേജാണ്. ജീവിതത്തിന്റെ ഒാരോ ഘട്ടങ്ങളിലൂടെ കടന്നുപോകാൻ എനിക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാനും അദ്ദേഹത്തോടൊപ്പം പോകും. പക്ഷെ വിവാഹ സർട്ടിഫിക്കറ്റൊക്കെ ലഭിച്ച് വിസ റെഡിയാകാനൊക്കെ കുറച്ച് സമയമെടുക്കും.
എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. നമ്മളെ മനസിലാക്കുന്ന ആള് വേണമെന്നായിരുന്നു ആഗ്രഹം. ഞാൻ വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത് ഒരു നല്ല സൗഹൃദമാണ്. അതെനിക്കു ലഭിച്ചിട്ടുണ്ട്. എന്റെ ചേച്ചിക്കും ചേട്ടനുമൊക്കെ ഞാൻ വിവാഹതിയാകാത്തതിൽ വളരെ വിഷമമുണ്ടായിരുന്നു. പക്ഷെ ഇൗ വിവാഹ ആലോചന പെട്ടെന്ന് വന്നതാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയാണ് എനിക്ക് ഏറെയിഷ്ടമായത്.
ഞാൻ അത്ര മോഡേണൊന്നുമല്ല. നാടനുമല്ല. അസംബ്ലി ഇലക്ഷനിൽ മത്സരിച്ചപ്പോൾ പോലും ഞാൻ ചുരുദാർ ഇട്ടാണ് വോട്ട് ചോദിക്കാനിറങ്ങിയത്. എനിക്ക് തോന്നുന്നു കേരളത്തിൽ ചുരിദാർ ഇട്ട് ആദ്യം വോട്ട് ചോദിച്ചയാൾ ഞാനായിരിക്കുമെന്ന്. പിന്നെ എപ്പോഴും ചുരിദാർ മാത്രം ഇടാൻ പറ്റില്ലല്ലോ? മറ്റൊരു രാജ്യത്തേക്കു പോകുമ്പോൾ അതിനനുസരിച്ച് വസ്ത്രധാരണം ചെയ്യണ്ടേ? അതുകൊണ്ട് ജീൻസും ഷർട്ടുമൊക്കെ ഇടും. എനിക്ക് കംഫർട്ടബിളായ വസ്ത്രങ്ങൾ ഇട്ട പടം മാത്രമേ ഞാൻ ഫേസ് ബുക്കിൽ ഷെയർ ചെയ്യാറുള്ളൂ.

ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കിൽ പറയാം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ പെട്ടെന്നൊരു നാൾ ഭാര്യ പള്ളിയിൽ വച്ചു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതോടെ അദ്ദേഹം ആകെ തകർന്നു, ആ വിഷമത്തിൽ ”മിനി, ഒരു സക്രാരിയുടെ ഓർമ” എന്ന പേരിൽ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. ഇതേസമയത്ത് ഞാൻ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളിൽ വേദനിക്കുന്ന രണ്ടുപേർ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്.

മൂന്നുമാസം മുമ്പ് പ്രൊപോസ് ചെയ്യുമ്പോൾ ആദ്യം എനിക്കൊരു ഞെട്ടലായിരുന്നു, പിന്നെ എനിക്കു തോന്നി ഒരുവർഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. അത്രത്തോളം ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. എല്ലാവർക്കും അത്രയേറെ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം നാട്ടിൽ വന്നിട്ടുള്ള സമയം കൂടിയായതിനാൽ പെട്ടെന്നു തന്നെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു.
വയനാട് ഇടത്വ സ്വദേശിയാണ് അദ്ദേഹം. കാക്കനാട് ഒരു ഫ്ലാറ്റുണ്ട്. അവിടെയാണ് നാട്ടിൽ വരുമ്പോൾ താമസിക്കുക. എന്റെ സഹോദരന്റെ ഫ്ലാറ്റും അദ്ദേഹത്തിന്റെ ഫ്ലാറ്റുമെല്ലാം അടുത്തടുത്താണ്. അദ്ദേഹത്തിന് അമ്മയും സഹോദരങ്ങളുമാണുള്ളത്.

വിവാഹത്തിന് ഗൗണാണ് ധരിക്കുന്നത്.  കൊച്ചിയിലെ ഒരു ബുട്ടിക്കിൽ പ്രത്യേകം ഡിസൈൻ ചെയ്തതാണ്. സ്വർണം പരമാവധി കുറയ്ക്കുകയാണ്. താലിമാല അത്യാവശ്യമായതിനാൽ അത് മാത്രമേ സ്വർണമുള്ളൂ. ബാക്കിയെല്ലാം വൈറ്റ് മെറ്റലാണ്.

എന്റെ വിവാഹവസ്ത്രങ്ങളെല്ലാം വാങ്ങിത്തരുന്നത് അദ്ദേഹമാണ്‌. ചെരുപ്പ് വരെ. അത് വലിയ സ്നേഹസമ്മാനമായി കാണുന്നു. ഇന്ന് സ്ത്രീകളുടെ വീട്ടിൽ ചെന്ന് ഡിമാന്റ് വയക്കുന്ന പുരുഷന്മാരെ അല്ലേ നാം കൂടുതൽ കാണാറുള്ളത്. മനസമ്മതത്തിനും അദ്ദേഹമാണ് വസ്ത്രങ്ങളും മറ്റും സമ്മാനിച്ചത്. വിവാഹ പ്രൊപ്പോസൽ വച്ചപ്പോഴെ അദ്ദേഹം പറ‍ഞ്ഞിരുന്നു, വീട്ടുകാരെ ഒരു വിധത്തിലും ബുദ്ധിമുട്ടിക്കരുതെന്ന്.
വിവാഹത്തിനായി മെലിഞ്ഞ് സുന്ദരിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ നല്ലവണ്ണം തടിച്ചിരിക്കുകയാണ്. ഒരിക്കൽ ഞാൻ ശരിക്കുംമെലിഞ്ഞിരുന്നു. അന്നൊന്നും ഇദ്ദേഹത്തെ കണ്ടുമുട്ടിയില്ല. ഇനി വിവാഹശേഷം അദ്ദേഹം ലണ്ടനിലേക്ക് പോകുന്ന സമയത്ത് തടികുറയ്ക്കാം എന്ന പ്ലാനിലാണ് ഞാൻ.

ശാന്തിമോൻ ജൂൺ അവസാനം തിരിച്ചുപോകും. ‍ജൂൺ 15 ന് എന്റെ ബർത്ത്ഡേ ആണ്. അത് ആഘോഷിക്കാനായി അദ്ദേഹവും എന്റെ സഹോദരനും കൂടി ഒരുക്കിയ സർപ്രൈസ് ഞാൻ തന്നെ കണ്ടുപിടിച്ചു. ആന്റമാനിൽ ബർത്ത് ആഘോഷിക്കാനാണ് അവർ പ്ലാൻ ചെയ്തിരിക്കുന്നത്. ലണ്ടനിൽ ‍പോയാലും ഞാൻ വെറുതെ ഇരിക്കില്ല. പഠിപ്പിക്കാൻ താൽപര്യമുണ്ട്. കൗൺസിലിങും ഇഷ്ടമാണ്. ഇത് കൂടാതെ ജേണലിസവും ഇഷ്ടമാണ്. ഇതിലേതെങ്കും ജോലി ഞാൻ തിരഞ്ഞെടുക്കും.

വിവാഹ സൽക്കാരം
സത്യത്തിൽ വിവാഹത്തിന് അടുത്ത ബന്ധുക്കളായ അമ്പതുപേരെ മാത്രം ഉൾപ്പെടുത്തി ഒരു ചെറിയ ചടങ്ങാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. പക്ഷെ വിവാഹവിവരം അറ‍ിഞ്ഞ് പഴയ സുഹൃത്തുക്കൾ ഉൾപ്പെടെ ഉള്ളവർ വിവാഹത്തിന് എത്തുമെന്ന് ഇങ്ങോട്ടു പറയുമ്പോൾ അവർക്ക് ഭക്ഷണം നൽകാതിരിക്കുന്നത് ശരിയല്ല എന്ന് എന്റെ ബന്ധുക്കൾ പറഞ്ഞു. അങ്ങനെ വിവാഹത്തിന് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിൽ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.