സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ഷിംല. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വിന്ദര്‍ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഷിംലയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലികൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ പങ്കെടുത്തു.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും നേതാക്കള്‍ക്കിടയിലെ അധികാര വടംവലിക്കുമൊടുവിലാണ് സുഖുവിനെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. പിസിസി പ്രസിഡന്റും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, മുകേഷ് അഗ്‌നിഹോത്രി എന്നിവരെ മറികടന്നാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ് സുഖുവിനെ പിന്തുണച്ചത്.

Loading...

മുകേഷ് അഗ്‌നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിഭയെ അനുനയിപ്പിക്കാന്‍ അവരുടെ മകന്‍ വിക്രമാദിത്യ സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും 2 ഉപമുഖ്യമന്ത്രിമാര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. വിക്രമാദിത്യയ്ക്ക് മന്ത്രിസഭയില്‍ പ്രധാന വകുപ്പ് നല്‍കിയേക്കും.