തലചായ്ക്കാനിടമില്ല.സത്യത്തിന്റെ കൂടെനിന്നു, അതാണോ ഞാന്‍ചെയ്ത തെറ്റ് .ഫ്രാങ്കോ കേസിലെ മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പറയാനുള്ളത്

കോട്ടയം: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്.സി.സി.) അംഗമായ സിസ്റ്റര്‍ ലിസി ലോക വനിതാ ദിനത്തില്‍ തലചായ്ക്കാനിടംതേടി ഹൈക്കോടതിയില്‍ അഭയംതേടാനൊരുങ്ങുന്നു.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച കുറവിലങ്ങാട്ടെ കന്യാസ്ത്രീ, സിസ്റ്റര്‍ ലിസിയോട് മനസ്സുതുറന്ന് എല്ലാം പറഞ്ഞിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ ലിസിയില്‍നിന്ന് പോലീസ് മൊഴിയെടുത്തു. അതാണ് സഭയെ പ്രകോപിപ്പിച്ചത്.സത്യത്തിന്റെ കൂടെനിന്നു, അതാണോ ഞാന്‍ചെയ്ത തെറ്റ്. 34 വര്‍ഷമായി ഗ്രാമങ്ങള്‍തോറും അലഞ്ഞുതിരിഞ്ഞ് സുവിശേഷദൗത്യം നിര്‍വഹിച്ചു. രാജ്യത്തെവിടെയും സുവിശേഷപ്രവര്‍ത്തനം നടത്താന്‍ അധികാരം നല്‍കിയുള്ള കത്ത് എനിക്ക് സഭ തന്നിട്ടുണ്ട്.എന്നാല്‍, എല്ലാ ചുമതലകളില്‍നിന്നും ഇപ്പോഴെനിക്ക് വിലക്കേര്‍പ്പെടുത്തി. ആരോഗ്യം ക്ഷയിച്ചുവരുകയാണ്. 55 വയസ്സുണ്ടെനിക്ക്. ഈ പ്രായത്തില്‍ ഒറ്റപ്പെടുത്തുകയും സമ്മര്‍ദത്തിലാക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ വല്ലാതെ തളര്‍ന്നുപോകുന്നു.

2011 മുതല്‍ എനിക്ക് ആ സിസ്റ്ററെ അറിയാം. എന്റെ ആത്മീയപുത്രിയാണവള്‍. ജലന്ധറില്‍ പുതിയ ബാച്ച് കന്യാസ്ത്രീകളെ സുവിശേഷപ്രഘോഷണം പഠിപ്പിക്കാന്‍ എന്നെ നിയോഗിച്ചപ്പോള്‍ സിസ്റ്റര്‍ അവിടെ മദര്‍ ജനറാളായിരുന്നു.അന്നത്തെ ബിഷപ്പ് സിംഫോറിന്‍ കീപ്രത്ത്, ‘സഭയുടെ അനുഗ്രഹമാണ് ഈ സിസ്റ്റര്‍’ എന്നുപറഞ്ഞാണ് അവളെ പരിചയപ്പെടുത്തിയത്. പിന്നീട് സിസ്റ്റര്‍ കുറവിലങ്ങാട്ട് ചുമതലയേറ്റശേഷം അവിടത്തെ വൃദ്ധസദനത്തില്‍ ഏകദിനപ്രാര്‍ഥന നടത്താന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ ഒറ്റയ്ക്ക് സംസാരിച്ചപ്പോള്‍, ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കാര്യങ്ങള്‍ സിസ്റ്റര്‍ പറഞ്ഞു. ഞാന്‍ കൗണ്‍സലിങ് നടത്തുന്ന വ്യക്തികൂടിയായതിനാലാണ് പറഞ്ഞത്.

Loading...

പറഞ്ഞകാര്യങ്ങള്‍ സത്യസന്ധമായിത്തന്നെ ഞാന്‍ പോലീസില്‍ അറിയിച്ചു. അത് അറിഞ്ഞതോടെ സഭയില്‍നിന്ന് സമ്മര്‍ദങ്ങള്‍ തുടങ്ങി. ഭീഷണിയും ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തലുമുണ്ടായി.മാനസികമായി പ്രയാസങ്ങള്‍ തുടങ്ങിയതോടെ കടുത്ത രക്തസമ്മര്‍ദമായി. ഉറക്കക്കുറവ് അനുഭവപ്പെട്ടപ്പോള്‍ മഠാധികൃതര്‍ മാനസികാശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചു, എനിക്ക് ഭ്രാന്തുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ ഞാന്‍ കൊടുത്ത മൊഴി അപ്രസക്തമാകുമല്ലോ. ഞാന്‍ വഴങ്ങിയില്ല.

അതിനിടെയാണ് 83 വയസ്സുള്ള അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചത്. ഗുരുതരാവസ്ഥയിലായിട്ടും അമ്മയെ കാണാന്‍ പോകാന്‍ അനുവദിച്ചില്ല. നാട്ടിലെത്തിയതോടെ വിലക്കുകളുടെ പ്രവാഹമായി. എന്റെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങിക്കൊണ്ടുപോയി.ഐ.സി.യു.വില്‍ കിടക്കുന്ന അമ്മയുടെ വിവരം അറിയിക്കാന്‍പോലും വീട്ടുകാര്‍ക്ക് നിവൃത്തിയില്ലാത്ത സ്ഥിതി. തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ പരാതിനല്‍കി. പോലീസ് മഠത്തിലെത്തി ഫോണ്‍ തിരികെവാങ്ങി നല്‍കി.

സിസ്റ്റര്‍ അനധികൃതമായി 15 വര്‍ഷമായി ജ്യോതിഭവനില്‍ താമസിക്കുകയാണെന്ന് മഠാധികൃതര്‍ പരാതി നല്‍കിയിരുന്നു. അത് പച്ചക്കള്ളമാണെന്ന് സിസ്റ്റര്‍ ലിസി പറയുന്നു. കേരളത്തില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുമ്പോള്‍ ജ്യോതിഭവനില്‍ താമസിക്കണമെന്ന് നിര്‍ദേശമുള്ളതാണ്. മരിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷേ, അതൊരു സ്വാഭാവിക മരണമാകുമോ എന്നു ഞാന്‍ പേടിക്കുന്നു. ഒരുപക്ഷേ, കുര്യാക്കോസ് കാട്ടുതറ അച്ചന്റെ ദുരൂഹമരണം പോലെ തെളിയിക്കപ്പെടാത്ത ഒരന്ത്യം- പൂര്‍ത്തിയാക്കാനാവാതെ സിസ്റ്റര്‍ കരഞ്ഞു.