സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ കര്‍ത്താവിന്റെ നാമത്തിന്റെ അച്ചടിയും വിതരണവും നിര്‍ത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. എസ്.എം.ഐ സന്ന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫിന്റെ ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീകള്‍ക്കും വൈദീകര്‍ക്കും മൊത്തത്തില്‍ മാനക്കേട് ഉണ്ടാക്കുന്നതാനെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര, ഡി.സി ബുക്‌സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെയാണ് എതിര്‍കക്ഷികളാക്കിയിരിക്കുന്നത്.

Loading...

പുസ്തകത്തില്‍ വൈദീകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി ഉയര്‍ത്തിയിരുന്നത്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തുന്ന വൈദീകര്‍ ലൈംഗീക ചൂഷണം നടത്താറുണ്ടെന്നും മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചുവെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ തുറന്നടിച്ചത്.

കന്യാസ്ത്രീ ആയതിന് ശേഷം തനിക്കു നേരെ പീഡന ശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ക്രിസ്തീയസഭയിലെ അധികാര ദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യ മേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണ് കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലൂടെ.

ഇരുട്ടുനിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനുമുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവു വയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

കാറ്റും വെളിച്ചവും പ്രവേശിക്കുന്ന കന്യാസ്ത്രീമഠങ്ങളുടെ അന്തപ്പുരങ്ങളിലാണ് എന്റെ പ്രതീക്ഷകള്‍ നട്ടുവളര്‍ത്തുന്നത്. സ്വാതന്ത്ര്യവും ജ്ഞാനവുമുള്ള സാമൂഹികസേവനസന്നദ്ധരായ സ്ത്രീകളുടെ സഞ്ചയം മഠാന്തരത്തില്‍ ഞാന്‍ കാണുന്നു. പൗരോഹിത്യവത്കരിക്കപ്പെട്ട ക്രിസ്തീയവിശ്വാസങ്ങളുടെ പൊളിച്ചെഴുത്തിനു കാലമായെന്ന് ഞാന്‍ കരുതുന്നു. ക്രൈസ്തവ സന്ന്യസ്തതയുടെ അടിസ്ഥാന പ്രമാണങ്ങളായ അനുസരണവും ബ്രഹ്മചര്യവും ദാരിദ്ര്യവും ആത്മീയഊര്‍ജ്ജത്തില്‍ പ്രതിഫലിക്കപ്പെടുന്ന സുവിശേഷസമൂഹം രൂപപ്പെട്ടുവരുമെന്നും ഉറപ്പാണ്.

കരുണാവാനായ ഈശോവില്‍ ഞാനിപ്പോഴും വിശ്വസിക്കുന്നു. അവനോടുള്ള പ്രണയത്തില്‍ എനിക്ക് അനുതാപമില്ല. സന്ന്യസ്തമഠങ്ങളുടെ കൂറ്റന്‍ മതിലുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുന്ന പ്രിയ സഹോദരിമാരുടെ രോദനം എന്റെ കര്‍ണപുടങ്ങളെ വേദനിപ്പിക്കുന്നുണ്ട്. പുരുഷമേല്‍ക്കോയ്മയുടെയും പുരോഹിത ആധിപത്യത്തിന്റെയും ചവിട്ടടിയില്‍ അമര്‍ന്ന് ഇഴഞ്ഞുനീങ്ങുന്ന സഹോദരീജീവിതങ്ങള്‍ക്കു വഴിവിളക്കായി ഈ അക്ഷരങ്ങള്‍ മാറണമെന്നാണ് ആഗ്രഹം.

കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ പറയുന്നതു സത്യമാണ്. ഈ ജീവിതകഥ എന്റേതുമാത്രമല്ല. സന്ന്യസ്തതയിലേക്കു വലിച്ചിഴയ്ക്കപ്പെട്ട മുഴുവന്‍ ദേവദാസിമാരുടേതുമാണ്. ഈശോ ഏല്പിച്ച ദൗത്യമാണു നിര്‍വ്വഹിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ജീവിതയാത്രയില്‍ ശത്രുക്കളോ മിത്രങ്ങളോ എനിക്കില്ല. ഒരേ ആവേഗത്തോടെ ഈ ദ്വന്ദ്വത്തെ ഞാന്‍ സ്വീകരിക്കുന്നു. സംഭവവിവരണത്തിനിടെ സൂചിപ്പിക്കേണ്ടിവന്ന നാമധാരികളെ വ്യക്തിപരമായല്ല പ്രതിപാദിക്കേണ്ടിവന്നത്. അഴുകിയ സമ്പ്രദായത്തിന്റെ ഉത്പന്നമാണ് സഹോദരിമാരുടെ ദുരന്തജീവിതം. അജ്ഞതയുടെയും അസ്വാതന്ത്ര്യത്തിന്റെയും പരിസരത്തുനിന്നുള്ള മോചനസാക്ഷ്യമാണ് ഈ ഗ്രന്ഥത്തിലെ വരികളും വാചകങ്ങളും. വ്യക്തിപരമായി അധിക്ഷേപിക്കുക എന്റെ ലക്ഷ്യമല്ല. ഞാന്‍ എന്റെ ജീവിതം തുറന്നു പറയുകയാണ്.

മാധ്യമപ്രവര്‍ത്തകനായ എം.കെ.രാമദാസാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.