സിസ്റ്റര്‍ ലൂസിക്കെതിരെ അപവാദ വീഡിയോ പ്രചരിപ്പിച്ചത് പി.ആർ.ഒ. ആയ വൈദികൻ… പോലീസില്‍ പരാതി

കൽപറ്റ: സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം. മാനന്തവാടിയിലെ പി.ആർ.ഒ. ആയ വൈദികനാണ് സിസ്റ്റർ ലൂസിയെ അപമാനിക്കുന്ന വീഡിയോ യുട്യൂബിലൂടെ പ്രചരിപ്പിച്ചത്.

സംഭവത്തിൽ രൂപതയിലെ പി.ആർ.ഒ. ടീമിലെ അംഗമായ ഫാ. നോബിൾ പാറക്കലിനെതിരേ സിസ്റ്റർ പോലീസിൽ പരാതി നൽകി.

Loading...

സിസ്റ്റർ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവർത്തകർ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകയുള്ള ഭാഗം വെട്ടി ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.

ഒരു വർഷമായി മഠത്തിന്റെ പ്രധാന വാതിൽ സ്ഥിരമായി പൂട്ടിയിടുന്നതിനാൽ എല്ലാവരും അടുക്കള വശത്തുള്ള വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റർ ലൂസികളപ്പുരക്കൽ പറയുന്നു.

‘എന്നെ അപമാനിച്ചിരിക്കയാണ്. ആയിരക്കണക്കിന് കുട്ടികളുണ്ട് എനിക്ക്. അവരുടെ മുന്നിൽ അപമാനിച്ചിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തെ തന്നെ വലിച്ചു കീറിയിരിക്കുകയാണ്.

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ മാനസിക പീഡനം തുടർന്നു കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നൽകുന്നതു കൊണ്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ.’ സിസ്റ്റർ ലൂസി പറഞ്ഞു.

സിസ്റ്ററിന്റെ ബന്ധുക്കൾ മഠത്തിലെത്തി കണ്ടു. സിസ്റ്റർക്ക് ആവശ്യമായ നീതി ലഭിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സന്യാസവ്രതം ലംഘിച്ചു എന്ന പേരിൽ സിസ്റ്ററെ സഭയിൽനിന്ന് പുറത്താക്കിയതായി എഫ്.സി.സി. അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിനെതിരേ സിസ്റ്റർ നൽകിയ അപ്പീൽ വത്തിക്കാന്റെ പരിഗണനയിലാണ്.