ഭക്ഷണം പോലും തരാതെ പീഡിപ്പിക്കുന്നു;പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമം;സിസ്റ്റര്‍ ലൂസി

വയനാട്; സഭാ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണം പോലും തരാതെ തന്നെ പീഡിപ്പിക്കുകയാണെന്നും തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതര്‍ ശ്രമിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി . മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കെ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യമൊക്കെ ബാക്കിയുണ്ടായിരുന്ന ഭക്ഷണമെങ്കിലും തരുമായിരുന്നു എന്നാല്‍ ഇപ്പോള്‍ കഴിക്കാന്‍ ഒന്നും തരുന്നില്ലെന്നും തന്നെ കാണാതെ ഭക്ഷണമുണ്ടാക്കി ഷെല്‍ഫില്‍ വച്ച്‌ പൂട്ടുകയാണെന്നും ലൂസി കളപ്പുര പറയുന്നു.നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റര്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.

Loading...

തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പോലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്നും സിസ്റ്റര്‍ കുറ്റപ്പെടുത്തി.പൊലീസും മഠം അതികൃതര്‍ക്കൊപ്പമാണെന്നും സിസ്റ്റര്‍ വ്യക്തമാക്കി.അതേസമയം എഫ്‌സിസി സഭയില്‍ നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി മാസങ്ങളോളം പീഡനത്തിനിരയായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പേരില്‍ സഭയില്‍ നിന്നുപോലും സിസ്റ്റര്‍ പുറത്താക്കപ്പെട്ടു.സഭാ നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരിലാണ് പുറത്താക്കിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.2015 മുതല്‍ തുടര്‍ച്ചയായി അനുസരണ, ദാരിദ്ര്യ വ്രതങ്ങള്‍ ലൂസി ലംഘിച്ചുകൊണ്ടിരുന്നുവെന്നും തിരുത്തലുകള്‍ ആവശ്യപ്പെട്ടെങ്കിലും ലൂസി അത് ചെയ്തില്ലെന്നും അധികൃതര്‍.അനുവാദം കൂടാതെ പുസ്തകം പ്രസിദ്ധീകരിച്ചെന്നും കാര്‍ വാങ്ങിയെന്നും ശമ്പളം സഭയ്ക്ക് കൈമാറിയില്ലെന്നും അനുവാദം കൂടാതെ യാത്ര ചെയ്‌തെന്നും രാത്രിയില്‍ മുറിയില്‍ ഒരു വ്യക്തിയെ താമസിപ്പിച്ചെന്നും തുടങ്ങി നിരവധി അപവാദപ്രചരണങ്ങളാണ് നേരത്തെ സിസ്റ്റര്‍ ലൂസിക്കെതിരെ നടന്നിട്ടുള്ളത്.

സഭയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്നു പേരിട്ട ആത്മകഥ. കന്യാസ്ത്രീയായതിനു ശേഷം തന്നെ നാലുതവണ ലൈംഗികമായി പീഡിപ്പിക്കാൻ വൈദികർ ശ്രമിച്ചെന്ന് സി. ലൂസി പുസ്തകത്തില്‍ ആരോപിച്ചു. കന്യാസ്ത്രീ മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തിച്ചേർന്ന് പുരോഹിതർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും കൊട്ടിയൂർ കേസിലെ പ്രതിയായ ഫാദർ റോബിന് പല കന്യാസ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്റെ ആത്മകഥയില്‍ ലൂസി കളപ്പുര വെളിപ്പെടുത്തുന്നു. ഫ്രാന്‍സിസ്കാന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായ സി ലൂസി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സഭയുടെ അപ്രീതിക്ക് പാത്രമാവുകയായിരുന്നു. തുടര്‍ന്നാണ് നിരവധി കാരണങ്ങള്‍ നിരത്തി സന്യാസിനി സമൂഹത്തില്‍ നിന്നും സി ലൂസിയെ പുറത്താക്കിയത്.