മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണം, സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീല്‍ നല്‍കി

വയനാട്: തന്നെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും വത്തിക്കാന് അപ്പീല്‍ നല്‍കി. സഭയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കാണിച്ചുകൊണ്ട് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍ മഠം സിസ്റ്ററിനെ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ സിസ്റ്റര്‍ വത്തിക്കാന് നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം നേരത്തെ തള്ളിയിരുന്നു.

തനിക്കെതിരെ എഫ്‌സിസി അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനോടൊപ്പം കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും സഭയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസുകളെപ്പറ്റിയും സിസ്റ്റര്‍ അപ്പീലില്‍ പരാമര്‍ശിക്കുന്നുണ്ട്. പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടിത്തവും സഭ ഒഴിവാക്കേണ്ട സമയമായെന്നും ബലാത്സംഗ കേസുകളിലും ഭൂമി കുംഭകോണ കേസുകളില്‍ സഭാ അധികൃതര്‍ പ്രതികളാകുന്നത് സഭയുടെ പ്രതിച്ഛായയ്ക്ക് തന്നെ മോശമാണെന്നും അപ്പീലില്‍ പറയുന്നു.

Loading...

എന്തുവന്നാലും മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു. തനിക്ക് ലഭിച്ച കത്ത് പഠിക്കണമെന്നും, പകര്‍പ്പ് പരിശോധിച്ച് ഉടന്‍ തന്നെ വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കുകയും ചെയ്തിരുന്നു. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങാന്‍ തയ്യാറല്ല. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി് പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് സിസ്റ്റര്‍ ലൂസി വീണ്ടും അപ്പീല്‍ നല്‍കിയത്.

നേരത്തേയും സിസ്റ്റര്‍ ലൂസിക്കെതിരായി നിരവധി ആരോപണങ്ങള്‍ സന്യാസിനി സഭ ഉയര്‍ത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റര്‍ ലൂസിക്കെതിരെ സഭയുടെ ഇത്തരത്തിലുള്ള നടപടികള്‍ ശക്തമായത്. ‘സ്നേഹമഴയില്‍’ എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയാണ് സിസ്റ്റര്‍ ലൂസി വത്തിക്കാന് അപ്പീല്‍ നല്‍കിയത്.

കന്യാസ്ത്രീകള്‍ക്ക് നീതി തേടി നടത്തിയ സമരത്തിന് സമാനമായി സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി കൊച്ചി വഞ്ചി സ്‌ക്വയറില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. സിസ്റ്റര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപവാദപ്രചാരണം നടത്തിയ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ എന്ന വൈദികനെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു. മഠത്തിലേക്ക് സിസ്റ്റര്‍ പുരുഷന്മാരെ കൊണ്ടുവന്നു എന്ന തരത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനാണ് നോബിള്‍ തോമസ് പാറയ്ക്കലിനെതിരെ കേസെടുത്തത്. എന്നാല്‍ തെളിവുണ്ടായിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ്, പിന്നീട് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് വഞ്ചി സ്‌ക്വയറില്‍ സമരം നടന്നത്.