സിസ്റ്റർ ആൻസിയെ വെള്ള ടാങ്കിൽ മുക്കികൊന്നത് അരാണ്‌? പള്ളിയിൽ നിന്നും അപ്രത്യക്ഷനായ വൈദീകൻ പോയത് എവിടേക്ക്?

കോട്ടയം: കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടാല്‍, ദുരൂഹസാഹചര്യത്തില്‍ മരിച്ചാല്‍ അതെല്ലാം ആത്മഹത്യയായി ചിത്രീകരിക്കുന്നതിന്റെ മറ്റൊരു തെളിവാണ് സിസ്റ്റര്‍ ആന്‍സി മേരിയുടെ മരണം.കോട്ടയം സ്വദേശി സിസ്റ്റര്‍ മേരി ആന്‍സിയെ 2011 ഓഗസ്റ്റ് മാസം 17 നാണ് തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടക്കം മുതലേ കേസ് ആത്മഹത്യ ആക്കി തീര്‍ക്കാനുള്ള ശ്രമമായിരുന്നു അന്വേഷണ സംഘത്തിന്റേത്. എന്നാല്‍ പിന്നീട് പലരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായപ്പോഴാണ് കേസ് പള്ളി വികാരി ഫാ. ആന്റണി റെബല്ലയിലേക്ക് നീണ്ടത്.

മകളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കൾ തറപ്പിച്ച് പറയുമ്പോൾ ഒരു അന്വേഷണം നടത്താനുള്ള ഒരു വാക്ക് പോലും കത്തോലിക്കാ സഭയിൽ നിന്നും വന്നില്ല. സഭയുടെ മൗനവും കേസില്‍ വൈദികര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് പറയാതെ വയ്യ. കേരളത്തിലെ ഭരണകേന്ദ്രങ്ങളിലും ഉന്നതങ്ങളിലും സഭയ്ക്കുള്ള സ്വാധീനമാണ് ഇത്തരം കേസുകളിലൂടെ പുറത്തുവരുന്നത്.

Loading...

സംഭവം കഴിഞ്ഞ് ആറു കൊല്ലം കഴിയുമ്പോഴും ഫാ. ആന്റണി റെബല്ല സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍ അന്വേഷണം ശ്ക്തമാക്കാനോ വേണ്ട വിധം ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയാറായിട്ടില്ല. തന്റെ മകളെ കൊന്നതാണെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് മേരി ആന്‍സിയുടെ പിതാവും നില്‍ക്കുന്നത്. അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മരിച്ചത് കന്യാസ്ത്രീയാണെങ്കില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലേക്കാണ് പൊലിസ് സംഘം ആദ്യം മുതല്‍ എത്തിയത്. എങ്ങനെയും മരണം ആത്മഹത്യയാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് പൊലിസ് കേസ് കൈകാര്യം ചെയ്തത്. ഫാദര്‍ ആന്റണി റെബല്ലയെയും സഭയെയും സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ശ്ക്തമായിട്ടുണ്ട്. കോവളം പൊലിസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 702/ 2011 രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം വിഴിഞ്ഞം ഇന്‍സ്‌പെക്ടറും പിന്നീട് ആരോപണങ്ങള്‍ ശക്തമായപ്പോള്‍ ഫോര്‍ട്ട് അസി. കമ്മീഷണര്‍ക്കും കൈമാറി. കേസില്‍ ഇതുവരെ 70 പേരെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. എന്നാല്‍ അന്നേദിവസം കോണ്‍വെന്റില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല.

ഫാ. ആന്റണി റെബല്ല പോയതെങ്ങോട്ട്?
സംഭവ ദിവസം തലേന്ന് പൂങ്കുന്നം പള്ളി വികാരി ഫാ. ആന്റണി റെബല്ല പോയത് എങ്ങോട്ട്. പൊലിസിന് നല്‍കിയ മൊഴിയുടെ പ്രകാരം തലേദിവസം വൈകുന്നേരം നാലേകാല്‍ മുതല്‍ പരുത്തിക്കുഴി പള്ളിയില്‍ പുത്തന്‍കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ കോണ്‍വെന്റിലെ അന്തേവാസികളായ സിസ്റ്റര്‍ റോസി, സിസ്റ്റര്‍ ആന്‍മരിയ, സിസ്റ്റര്‍ ആനി എന്നിവരെയും കൊണ്ട് തന്റെ കാറില്‍ പോയിരിക്കുകയായിരുന്നുവെന്നും തിരിച്ച് രാത്രി ഒന്‍പതു മണിക്കാണ് പള്ളിയില്‍ തിരിച്ചെത്തിയത് എന്നുമാണ്. എന്നാല്‍ പുത്തന്‍ കുര്‍ബ്ബാനയുടെ ചടങ്ങുകളുടെ വീഡീയോ ടേപ്പില്‍ സിസ്റ്റര്‍ റോസി, സിസ്റ്റര്‍ ആന്‍മരിയ, സിസ്റ്റര്‍ ആനി എന്നിവര്‍ പൂര്‍ണ്ണമായി പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ ചടങ്ങില്‍ പങ്കെടുക്കേണ്ട വികാരി ഫാ. ആന്റണി റിബേലയെ വീഡിയോ ടേപ്പില്‍ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസിനോട് ഈ വൈദികന്‍ കൂടെ വന്ന കന്യാസ്ത്രീകളെ പള്ളിയില്‍ ആക്കിയതിനു ശേഷം എവിടെ പോയി എന്നുള്ളത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആരെയോ സംരക്ഷിക്കാനെന്നപോലെ പോലീസ് കോടതി നിര്‍ദേശം പാലിക്കാനോ അന്വേഷണം നടത്താനോ തയാറായില്ല. ഇത്തരം സംഭവം വിരച്ചൂണ്ടുന്നത് കേസില്‍ റബെലയ്ക്കുള്ള പങ്കിലേക്കാണ്.

ഇതിനിടയില്‍ പൊലിസില്‍ മൊഴി നല്‍കിയ വികാരി രാജ്യം വിടാനുള്ള നീക്കവും നടത്തി. ഇത് തടയാനായി സിറ്ററിന്റെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഫാദര്‍ റബെലയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. ഇക്കാര്യ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ എം.എല്‍.എമാരുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയതുമാണ്. വിവാദമായ കേസ് നിലനില്‍ക്കെ പള്ളി വികാരി രാജ്യം വിടാനൊരുങ്ങിയതെന്തിനാണെന്ന് പോലും പൊലിസ് തിരക്കിയെല്ലെന്നതും സംശയാസ്പദമാണ്. സിസ്റ്റര്‍ അഭയയ്ക്ക് വേണ്ടി വാദിക്കാന്‍ പൊതുസമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും എത്തിയത് പോലെ മേരി ആന്‍സിയുടെ മരണം ആരും ഏറ്റെടുക്കാത്തായിരുന്നു കേസ് കുഴിച്ചുമൂടാനുള്ള പ്രധാന കാരണം.എഴുപത് പേരെ ചോദ്യം ചെയ്‌തെങ്കിലും ആരെയും പിടികൂടാനായിട്ടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നത്.

 

സിസ്റ്ററിന്റെ ഡയറി എവിടെ?
ഡയറി എഴുതുന്ന ശീലമുള്ള സിസ്റ്റര്‍ മേരി ആന്‍സിയുടെ ഡയറി എവിടെ പോയെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സിസ്റ്ററുടെ മുറി പരിശോധിച്ച് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതില്‍ ഡയറി രേഖപ്പെടുത്തിയിട്ടില്ല. മുറിയില്‍ സൂക്ഷിച്ചിരുന്ന ഡയറി കാണാതായതും മരണം കൊലപാതകമാണെന്ന് സംശയിക്കാന്‍ പ്രധാന കാരണമാകുന്നു. 22 വര്‍ഷമായി ഡയറി എഴുതുന്ന സിസ്റ്റര്‍ മേരി ആന്‍സിയുടെ ഡയറി കൊലപ്പെട്ട നിമിഷം തന്നെ ആരോ കൈക്കലാക്കി എന്നാണ് സംശയിക്കുന്നത്. സിസ്റ്റര്‍ മേരി ആന്‍സിയുടെ മുറിയില്‍ നിന്ന് ലഭിച്ച സിസ്റ്റര്‍ ആന്‍മരിയായുടെ ഫോണ്‍ അവിടെ എത്തിയതിന് പോലീസിന്റെ വിശദീകരണവും, സൈബര്‍സെല്ലിന്റെ പരിശോധനാ റിപ്പോര്‍ട്ടും ദുരൂഹത നിറഞ്ഞതാണെന്ന് പറയാതെ വയ്യ. പോലീസ് നിരവധി തവണ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ പരസ്പരം വിരുദ്ധങ്ങളായിരുന്നു. ഇതിനിടയിലാണ് ഹര്‍ജിക്കാരന്റെ വക്കീലിനെ സ്വാധീനിക്കുവാന്‍ തിരുവന്തപുരം ജില്ലയില്‍ നിന്ന് വനിതാ വക്കീല്‍ എത്തിയത് സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണം ആരോ ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട് എന്നതിന് തെളിവാണ്.

കോടതിയുടെ ചോദ്യത്തിന് ഒന്നും മറുപടിയില്ല
സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയുടെ ചോദ്യത്തിന് ഒന്നും മറുപടിയില്ല.മൃതദേഹം പുറത്തെടുക്കുന്ന സ്ഥലത്ത് പോലീസ് സര്‍ജനായ ഡോ.രമ എന്തിനു ചെന്നുവെന്ന കോടതിയുടെ ചോദ്യത്തിന് പോലും തൃപ്തികരമായ വിധത്തില്‍ മറുപടി പോലീസ് ബോധിപ്പിട്ടില്ല. കൂടാതെ മേരി ആന്‍സിയുടെ മരണത്തിന് 10 ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍വെന്റില്‍ നിന്ന് പറഞ്ഞുവിട്ട വേലക്കാരിയെക്കുറിച്ച് അന്വേഷിക്കുവാനോ ചോദ്യം ചെയ്യുവാനോ പൊലിസ് തയാറാകാത്തതും കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിന്റെ തെളിവാണ്.പള്ളിവികാരിയായിരുന്ന ഫാ.ആന്റണി റെബല്ല മരണം വിവരം അറിയുന്നത് തന്നെ രാവിലെ 8 മണിയ്ക്കാണ്. രേഖാമൂലം കോവളം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുന്നത് രാവിലെ 10 മണിയ്ക്ക്.

എന്നാല്‍ 11 മണിയ്ക്ക് കോണ്‍വെന്റില്‍ ഉന്നത പോലീസ് മേധാവികളുടെയും, ഫോറന്‍സിക് വിദഗ്ദ്ധരുടെയും സാന്നിധ്യത്തില്‍ മൂന്നു മണിക്കുറുകൊണ്ട്. മൃതദേഹം ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിട്ടുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തികരിച്ചിട്ടും സമയം സംബന്ധിച്ചുള്ള കോടതിയുടെ അന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി വയര്‍ലസ് മുഖേന ഉന്നത മേധാവികളെ അറിയിച്ചു എന്നാണ്. ആര്‍ഡിഓ, തഹസില്‍ദാര്‍, പോലീസ് സര്‍ജന്‍ എന്നിവര്‍ക്ക് എന്നു മുതലാണ് സര്‍ക്കാര്‍ വയര്‍ലസ് അനുവദിച്ചത് എന്ന കോടതിയുടെ ചോദ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഹൈക്കോടതിയുടെ ഇതുപോലെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ദുരൂഹതയെന്ന് കോടതിയും മനുഷ്യാവകാശ കമ്മിഷനും പറയുമ്പോള്‍ അന്വേഷണം അട്ടിമറിക്കുന്നത് ആര്‍ക്കു വേണ്ടി?
സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണത്തില്‍ ദുരൂഹമെന്ന് തുടക്കം മുതല്‍ കോടതിയും മനുഷ്യാവകാശ കമ്മിഷനും പറയുമ്പോഴും ആത്മഹത്യയില്‍ തന്നെ പൊലിസും സഭയും ഉറച്ചു നില്‍ക്കുന്നത് ആരെ സംരക്ഷിക്കാന്‍. ജലസംഭരണിയുടെ സ്ലാബ് ഇളക്കി മാറ്റി അതില്‍ ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത് ഇതുവരെയും ആരും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഒരാള്‍ക്ക് ഒറ്റയ്്ക്ക് മാറ്റാന്‍ കഴിയാത്ത് സ്ലാബ് എങ്ങനെ സിസ്റ്റര്‍ നീക്കിയെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇക്കാര്യം അന്ന് കോണ്‍വെന്റ് സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവിയും ഉന്നയിച്ചു.എന്നാല്‍ പൊലിസ് പറഞ്ഞത് നിരക്കി നീക്കിയതാണെന്നാണ്. അതിനുള്ള തെളിവും ഇല്ല. ഇനി അങ്ങനെയാണെങ്കില്‍ ചെറിയ ഒരു വിടവ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.

സാമാന്യം വണ്ണമുള്ള സിസ്റ്റര്‍ എങ്ങനെ അതിലൂടെ ഇറങ്ങിയെന്ന ചോദ്യവും തുടക്കം മുതലേ ഉയര്‍ന്നെങ്കിലും പല കാരണങ്ങളില്‍ ഉറച്ചു നിന്ന് ആത്മഹത്യയാക്കാനുള്ള ശ്രമമായിരുന്നു സഭയ്ക്കും പൊലിസിനും. ആത്മഹത്യയ്ക്കുള്ള മറ്റൊരു കാര്യം പറയുന്നത് അലര്‍ജ്ജി രോഗം ഉണ്ടായിരുന്നു,ഇത് അവരെ പലപ്പോഴും മാനസിക ബുദ്ധിമുട്ടിന് അടിമപ്പെടുത്തിയിട്ടുണ്ടെന്നും മാനസികപ്രയാസമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ്. എന്നാല്‍ ഇവരെ ചികിത്സിക്കുന്ന ഡോക്ടറുടെ മൊഴി ഇതിന് ഘടക വിരുദ്ധം. ഇത്തരത്തില്‍ സഭയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോഴും ശക്തമായ അേേന്വഷണം വേണമെന്ന ആവശ്യവുമായി ഇതുവരെ സഭാധികൃതര്‍ രംഗത്തെത്തിയിട്ടുമില്ല. എന്താണ് ഇതിന് കരണം? അന്വേഷണം നടന്നാല്‍ സഭയ്ക്ക് വേണ്ടപ്പെട്ടവര്‍ കുടുങ്ങുമെന്നതാണോ?